• May 15, 2021

ജര്‍മ്മനിയും കൊറോണ സ്ഥിരീകരിച്ചു ; ലോകം അതീവ ജാഗ്രതയില്‍

 ജര്‍മ്മനിയും കൊറോണ സ്ഥിരീകരിച്ചു ; ലോകം അതീവ ജാഗ്രതയില്‍

മധ്യചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട മാരക വൈറസ് കൊറോണ ലോകത്തിന്‌റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ഏറ്റവും ഒടുവില്‍ ജര്‍മനിയിലെ സ്റ്റാന്‍ബെര്‍ഗിലാണ് വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുഎസും ഫ്രാന്‍സുമടക്കം 12 രാജ്യങ്ങളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വ്യാപിക്കുന്നതായി സൂചന. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നെത്തിയ അന്‍പതുകാരി ബെയ്ജിങ്ങില്‍ മരിച്ചു. ഇതോടെ ചൈനയില്‍ മരണം 106 ആയി. 1291 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ നിലവില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4000 ആയി. വൈറസ് നിയന്ത്രിക്കാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ രാജ്യത്ത് തുടരുകയാണ്.

കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലടക്കം 20 നഗരങ്ങളില്‍ ഗതാഗത നിയന്ത്രണം തുടരുന്നു. ആറുകോടിയിലധികം പേര്‍ ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലും കൊറോണ വൈറസ് പടരുകയാണ്.
ഇന്ത്യയില്‍ കര്‍ശന പരിശോധനകള്‍ തുടരുകയാണ്. നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രത്യേക ചെക്‌പോസ്റ്റ് തുറക്കും. കേരളവും ജാഗ്രതയിലാണ്. സംസ്ഥാനത്ത് 441 പേര്‍ നിരീക്ഷണത്തിലാണ്.

Related post