• October 17, 2021

നിരീക്ഷണത്തിൽ വിട്ടവരെ തിരിച്ചറിയാൻ കൈയ്യിൽ മുദ്ര കുത്തി മഹാരാഷ്ട്ര സർക്കാർ

 നിരീക്ഷണത്തിൽ വിട്ടവരെ   തിരിച്ചറിയാൻ കൈയ്യിൽ മുദ്ര കുത്തി മഹാരാഷ്ട്ര സർക്കാർ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിൽ വിട്ടവരെ തിരിച്ചറിയാൻ കൈയ്യിൽ മുദ്ര കുത്തി മഹാരാഷ്ട്ര സർക്കാർ .മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

മാർച്ച് 30 വരെ വീട്ടിൽ നിരീക്ഷണത്തിലായിരിക്കുമെന്ന സ്റ്റാംപാണ് കെെകളിൽ പതിപ്പിച്ചിരിക്കുന്നത്. ക്വാറൻറീൻ നിർദേശിച്ചവരിൽ സ്വയം ഉത്തരവാദിത്തബോധം ഉണർത്താനാണ് ഇത്തരമൊരു തീരുമാനമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ”ക്വാറന്റീനിൽ കഴിയാൻ നിർദേശിച്ചവർക്ക് ആശുപത്രിയിലോ ഹോട്ടലുകളിലോ കഴിയാൻ താൽപര്യമില്ല. അവർക്ക് വീട്ടിൽ പോകാനാണ് താൽപര്യം. ഇത്തരം ആളുകൾക്ക് ഉത്തരവാദിത്തബോധം ഉണ്ടായിരിക്കണം. അവർ പുറത്ത് ചുറ്റിക്കറങ്ങാൻ പാടില്ല. അവർ ക്വാറന്റീൻ കർശനമായി പാലിക്കണം” താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

39 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. വിവിധ ആശുപത്രികളിലായി 108 പേരും വീട്ടിൽ 621 പേരും നിരീക്ഷണത്തിലാണ്. വീട്ടിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചവരുടെ കൈപ്പത്തിയിലാണ് തിരഞ്ഞെടുപ്പ് സമയത്തെപ്പോലെ മുദ്ര കുത്തുക. അവരുടെ നിരീക്ഷണ തീയതി ഏതുവരെയാണെന്നും അടയാളപ്പെടുത്തും. വീട്ടിൽനിന്നും പുറത്തിറങ്ങിയാൽ ഇവരെ മറ്റുളളവർക്ക് തിരിച്ചറിയാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Related post