• October 22, 2021

മന്ത്രിസഭായോഗം മാറ്റി; ലോക്ക് ഡൗണ്‍ ഇളവുകള്‍ മറ്റന്നാളറിയാം

 മന്ത്രിസഭായോഗം മാറ്റി; ലോക്ക് ഡൗണ്‍ ഇളവുകള്‍ മറ്റന്നാളറിയാം

ലോക്ക് ഡൗണ്‍ ഇളവുകളെ കുറിച്ച് സംസ്ഥാന തീരുമാനം മറ്റന്നാള്‍. പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ശേഷം നാളെ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം ഇറങ്ങാനിരിക്കെ മന്ത്രസഭാ യോഗം മറ്റന്നാളത്തേക്ക് മാറ്റി. പ്രധാനമന്ത്രി പറഞ്ഞത് അനുസരിച്ചാണെങ്കില്‍ രോഗ വ്യാപന തോത് കുറഞ്ഞ കേരളത്തില്‍ 20 ന്‌ശേഷം ചില മേഖലകളില്‍ ഇളവുകള്‍ കൊണ്ടുവരാം. എന്നാല്‍ ഒറ്റയടിക്ക് എല്ലാം തുറന്ന് കൊടുത്താല്‍ തിരിച്ചടിയാകുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. അടച്ചിടല്‍ നീളുമ്പോള്‍ കേരളത്തിന്റെ ഏറ്റവും വലിയ ആശങ്ക സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രധാന വരുമാന സ്രോതസ്സുകളായ ലോട്ടറിയും മദ്യവില്പനയും നിലച്ചതാണ് പ്രധാന പ്രശ്‌നം. ഒപ്പം കാര്‍ഷിക നിര്‍മ്മാണ മേഖലയിലെ തകര്‍ച്ചയും വലിയ തിരിച്ചടിയായിട്ടുണ്ട്.

മെയ് 3 വരെ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടര്‍ താളം തെറ്റുമെന്നും ഉറപ്പായി. എസ്എസ്എല്‍സി അടക്കം മുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പിലെ അനിശ്ചിതത്വം പരിഹരിക്കാന്‍ സര്‍ക്കാരിനി എന്ത് ചെയ്യുമെന്നും കണ്ടറിയണം. ഇന്നത്തെ സാഹചര്യത്തില്‍ രോഗ വ്യാപന തോത് ഇനിയും കേരളത്തില്‍ കുറയുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. പക്ഷെ 20 ന് ശേഷം വരാനിടയുള്ള ഇളവുകളടക്കം മുന്നില്‍കണ്ടുള്ള പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.

Related post