• November 27, 2021

കോവിഡ് മാറ്റി എഴുതുന്ന ‘പാഠങ്ങള്‍ ‘

 കോവിഡ് മാറ്റി എഴുതുന്ന ‘പാഠങ്ങള്‍ ‘

കാലത്തെ പകുത്തൊര് ‘പാഠ ‘ മാവുകയാണ് കോവിഡ് എന്ന മഹാമാരി. ഒട്ടും പ്രതീക്ഷിക്കാതെ, സങ്കല്പ സീമകള്‍ക്കുമപ്പുറത്ത് നിന്ന് ക്ഷണിക്കപ്പെടാതെ കടന്ന് വന്ന് ലോകത്തെ മാറ്റി വരക്കുകയാണ് നഗ്ന നേത്രങ്ങള്‍ക്കന്യമായ ഒരു സൂക്ഷ്മാണു.മനുഷ്യന്‍ ഇന്നുവരെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ സകല മേഖലകളെയും കോവിഡിന് മുന്‍പും ശേഷവും എന്ന് തിരുത്തി എഴുതേണ്ട അവസ്ഥ. വിദ്യാഭ്യാസ മേഖലയിലും കോവിഡ് കൊണ്ടുവന്ന അഥവാ കൊണ്ടു വരാന്‍ പോകുന്ന ‘പരിഷ്‌ക്കാരങ്ങള്‍’ നമ്മള്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്തവയാണ്.വിദ്യാര്‍ത്ഥി പ്രവേശനം,ക്ലാസുകള്‍, പരീക്ഷ,മൂല്യനിര്‍ണയം,ഫലപ്രഖ്യാപനം,വിടുതല്‍ തുടങ്ങിയ ആവര്‍ത്തന സ്വഭാവമുള്ള കുറെ നടപടികളിലൂടെയാണ് വിദ്യാഭ്യാസസമ്പ്രദായം മുന്നോട്ട് പോകുന്നത്. കോവിഡിനെ തുടര്‍ന്ന് ഈ ഒഴുക്ക് തടസ്സപ്പെട്ടു. കോവിഡ് ഇതെല്ലാം താറുമാറാക്കി. ഓണ്‍ലൈന്‍ അധ്യായനം ഉള്‍പ്പെടെയുള്ള വിദൂര വിദ്യാഭ്യാസ പരിപാടിയാണ് പൊതുവില്‍ ഇനി മുന്നില്‍ ഉള്ളത്

ദരിദ്ര രാജ്യങ്ങളിലും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലും ലോകാരോഗ്യ സംഘടനനിലവില്‍ പുറപ്പെടുവിച്ചിട്ടുള്ള കൊറോണ പ്രതിരോധനിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ല.ഇന്ത്യയില്‍ അത് ഓഗസ്റ്റ് 15വരെ തുറക്കേണ്ട എന്ന തീരുമാനവും വന്നു കഴിഞ്ഞു. യുനെസ്‌കോയുടെ കണക്കനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് അവസാന വാരം ആയപ്പോഴേക്കും 198രാജ്യങ്ങളിലായി ലോക വിദ്യാര്‍ത്ഥി ജനസംഖ്യയുടെ ഏതാണ്ട് തൊണ്ണൂറ് ശതമാനം വരുന്ന1.38 ബില്യണ്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരിക്കുന്നു.ദക്ഷിണ കൊറിയ, ന്യൂസീലന്‍ഡ്, സ്വീഡന്‍ തുടങ്ങി ചില അപവാദങ്ങള്‍ ചൂണ്ടി കാണിക്കാം എന്ന് മാത്രം. അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനം(5G) സര്‍വത്രികമായ ചൈന, അമേരിക്ക,ജപ്പാന്‍,തുടങ്ങിയ രാജ്യങ്ങളൊഴിച്ചാല്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വേഗതയേറിയ ഇന്റര്‍നെറ്റ് ഇന്നും അന്യമാണ്. ഇന്ത്യയിലാണെങ്കില്‍ അഞ്ചിനും ഇരുപത്തൊന്‍പത്തിനും ഇടയില്‍ പ്രായമുള്ള നിലവില്‍ വിദ്യാര്‍ത്ഥികളായവരുടെ വീടുകളില്‍ 8.3ശതമാനം എണ്ണത്തിലെ കംപ്യൂട്ടര്‍ പോലുമുള്ളു .ഇവയില്‍ തന്നെ 21.6 ശതമാനം വിദ്യാര്‍ത്ഥി കളെ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നുള്ളൂ.ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ ഈ ഘടകങ്ങള്‍ യഥാക്രമം നാല് ശതമാനവും പതിനഞ്ച് ശതമാനവുമാണ്. ഇ-വിഭവങ്ങള്‍ സമാഹരിക്കാനും ക്ലാസുകളിലേക്ക് ചുരുക്കാനും മള്‍ട്ടിമീഡിയ സഹായത്തോടെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനുമായി അധ്യാപകര്‍ക്കും കഴിയേണ്ടതുണ്ട്.

കേരളത്തില്‍ ആദ്യ ദിവസം തന്നെ സംഭവം സോഷ്യല്‍ മീഡിയയില്‍ അടക്കം ഹിറ്റായിരുന്നു.ചില അപ്രതീക്ഷിത പിഴവുകളും, നഷ്ടങ്ങളും സംഭവിച്ചു എന്നതും കാണാതിരുന്നു കൂടാ. പക്ഷെ മറ്റ് സംസ്ഥാനങ്ങളില്‍ ആശയക്കുഴപ്പത്തിന്റെ ഘോഷയാത്രയായിരുന്നു എന്നാണ് വാര്‍ത്തകള്‍.’ലോകത്ത് ഒരു കോവിഡ് വിദഗ്ധന്‍ ഇല്ല’എന്ന് പറയും പോലെ സത്യത്തില്‍ ഒരു ഓണ്‍ലൈന്‍ അധ്യാപന വിദഗ്ധനും ഇല്ല, എന്നതും മറക്കരുത്. മുഴുവന്‍ അധ്യാപകര്‍ക്കും ഇതിനാവശ്യമായ ശാസ്ത്രീയ പരിശീലനം നല്‍കാന്‍ സര്‍ക്കാരും സര്‍വകലശാലകളും മുന്‍കൈ എടുക്കണം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി 93.7ശതമാനം ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണും 54ശതമാനം പേര്‍ക്ക് ഇന്റര്‍നെറ്റ് സേവനവുമുള്ള സംസ്ഥാനമാണ് നമ്മുടേത്.ഒന്‍പതു ലക്ഷം SSLC വിദ്യാര്‍ത്ഥികളെ ഒരക്ഷരം എഴുതാതെ പാസ്സാക്കി വിട്ടിരിക്കുകയാണ് തമിഴ്‌നാട്. തെലുങ്കാനയിലും പുതുച്ചേരിയിലും ഇതു തന്നെ സംഭവിച്ചിരിക്കുന്നു. ഇന്നും നാല്‍പ്പതു ശതമാനം വീടുകളിലും ടി വിയും ഇന്റര്‍നെറ്റും ഇല്ലാത്ത ‘ഡിജിറ്റല്‍ ‘ഇന്ത്യ, പുതിയ പഠന സമ്പ്രദായമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ സ്വീകരിച്ചിരിക്കുന്നു.’കുസാറ്റ്’പോലുള്ള സ്ഥാപനങ്ങള്‍ open-book exam (പുസ്തകം തുറന്ന് വെച്ചുള്ള പരീക്ഷ)ലേക്ക് കടന്നു കഴിഞ്ഞു.

പുതിയ സമ്പ്രദായം അദ്ധ്യാപകരെ പോലെ തന്നെ വിദ്യാര്‍ത്ഥി കളെയും വലിയ സമ്മര്‍ദ്ദത്തില്‍ ആക്കും എന്ന കാര്യവും വിസ്മരിച്ചുകൂടാ.പുതിയതിനെ എന്തിനെയും പരിചയപ്പെടുക മാത്രമല്ല, പരിശീലിക്കുകയും വേണം. കോവിഡ് അതിനൊന്നും സാവകാശം തന്നില്ല, അഥവാ തരുന്നില്ല എന്നത് വേറൊരു കാര്യം.മാസ്‌കും, സാനിറ്റൈസറും, സാമൂഹിക അകലവും ശീലിച്ചപോലെ, ഇടക്കിടെ കൈ കഴുകാനും, അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും പഠിച്ച പോലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസസമ്പ്രദായവും നമ്മള്‍ ശീലിച്ചേ മതിയാവൂ. കുറഞ്ഞ പക്ഷം ഒരു അത്ഭുത വാക്സിന്റെ അവതാര പിറവി വരെ എങ്കിലും.(80കളില്‍ തുടങ്ങിയ എയ്ഡ്സ് എന്ന മറ്റൊരു വൈറസ് മഹാമാരിക്ക് ഇത് വരെ ഫലപ്രദമായ ഒരു വാക്സിന്‍ കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതും മറക്കരുത് )

ഏതോ വന്യ ജീവിയുടെ ആമാശയത്തില്‍ ഉറങ്ങിയിരുന്ന വൈറസിനെ വലിച്ച് പുറത്തിട്ട് പ്രാണ ഭയം കൊണ്ട് പരക്കം പായുന്ന മനുഷ്യന്റെ ‘ഭാവിയുടെ ബ്ലാക്ക് ബോര്‍ഡില്‍ ‘കൊറോണ കുത്തിവരച്ചിടുന്നത് എന്തൊക്കെയാവും. ‘പാഠം’ പലതാണ് കൊറോണ പഠിപ്പിക്കുന്നത്, പഠിപ്പിക്കാനിരിക്കുന്നത്..

Related post