• June 15, 2021

രാജ്യത്തെ കോവിഡ് വ്യാപനം സെപ്തംബറില്‍ അവസാനിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍

 രാജ്യത്തെ കോവിഡ് വ്യാപനം സെപ്തംബറില്‍ അവസാനിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍

രാജ്യത്തെ കോവിഡ് വ്യാപനം സെപ്തംബറില്‍ അവസാനിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ നയരൂപീകരണ വിദഗ്ധരാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. നിലവിലെ രോഗ വ്യാപന തോത് അടിസ്ഥാനമാക്കി ബെയ്ലീസ് മോഡല്‍ എന്ന ഗണിത മാതൃക ഉപയോഗിച്ചാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

രോഗ മുക്തി നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍. രോഗബാധയെ തടഞ്ഞ് നിര്‍ത്താന്‍ ലോക്ക് ഡൗണ്‍ ഫലപ്രദമായില്ലെന്നും പഠനത്തില്‍ പറയുന്നു. സെപ്തംബര്‍ മധ്യത്തോടെ രാജ്യത്തെ എല്ലാവരിലേക്കും കോവിഡ് എത്തുമെന്ന സൂചനയാണ് ഈ ഗണിത മാതൃക മുന്നോട്ടുവെക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അനില്‍ കുമാര്‍, ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ രൂപാലി റോയ് എന്നിവര്‍ എപ്പിഡമോളജി ഇന്റര്‍നാഷണല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യമുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനായിരത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. 287 മരണവും റിപ്പോര്‍ട്ട് ചെയ്തു.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 9,971 കോവിഡ് കേസും 287 മരണവുമാണ് സ്ഥിരീകരിച്ചത്

Related post