• June 19, 2021

കനത്ത സുരക്ഷയില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, പരീക്ഷകള്‍ ഇന്നുമുതല്‍

 കനത്ത സുരക്ഷയില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, പരീക്ഷകള്‍ ഇന്നുമുതല്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കുന്നു. കോവിഡിനിടെ അസാധാരണ സുരക്ഷാ സന്നാഹങ്ങളോടെയാണ് പരീക്ഷ. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചും, സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചുകൊണ്ട് പരീക്ഷകള്‍ നടത്തണമെന്ന് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുഗതാഗതത്തിന് പരിമിതികളുള്ളതിനാല്‍ സ്‌കൂള്‍ബസുകളും കെ.എസ്.ആര്‍.ടി.സി. ബസുകളും സ്‌കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം ഒരുക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങളും അനുവദിക്കും.

13 ലക്ഷത്തോളം കുട്ടികളാണ്‌ ആകെ പരീക്ഷ എഴുതുന്നത്. ഇന്നു മാത്രം 4,78,795 കുട്ടികള്‍ പരീക്ഷയെഴുതും. ഇന്നു രാവിലെ 9.45ന്‌ വിഎച്ച്എസ്ഇ ഒന്നും രണ്ടും വര്‍ഷ പരീക്ഷകളും ഉച്ചയ്ക്ക് 1.45ന് എസ്എസ്എല്‍സി കണക്കു പരീക്ഷയും നടക്കും. നാളെ രാവിലെ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ തുടങ്ങും. അര മണിക്കൂര്‍ മുന്‍പെങ്കിലും വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തണം.

കെഎസ്ആര്‍ടിസി 343 അധിക സര്‍വീസുകള്‍ നടത്തും. വിദ്യാര്‍ഥികള്‍ പകുതി നിരക്ക് നല്‍കിയാല്‍ മതി. കുട്ടികളുമായുള്ള വാഹനങ്ങള്‍ ഒരിടത്തും തടയരുതെന്നും ഇക്കാര്യം ജില്ലാ പൊലീസ് മേധാവിമാര്‍ ഉറപ്പാക്കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഫയര്‍ ഫോഴ്‌സ് അണുവിമുക്തമാക്കി. എല്ലാ വിദ്യാര്‍ഥികളെയും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചു പരിശോധിച്ച് പനിയില്ലെന്ന് ഉറപ്പാക്കും.എല്ലാവരും മാസ്‌ക് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒരു ക്ലാസില്‍ പരമാവധി 20 കുട്ടികള്‍ മാത്രമേ ഇരുത്തൂ.ഉത്തരക്കടലാസ് പ്ലാസ്റ്റിക്, പേപ്പര്‍ കവറുകളിലാക്കും. 7 ദിവസം കഴിഞ്ഞായിരിക്കും മൂല്യനിര്‍ണയം .രക്ഷിതാക്കളെ കാമ്പസിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.

വിദ്യാര്‍ഥികള്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉടന്‍ സോപ്പ് തേച്ച് കുളിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഉപയോഗം കഴിഞ്ഞ ഗ്ലൗസ് ഐഎംഎയുടെ സഹായത്തോടെ ശേഖരിച്ച് സംസ്‌കരിക്കും. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ ഇത്തവണ അനുവാദം നൽകിയിരുന്നു. ഗൾഫിലും ലക്ഷദ്വീപിലുമുള്ളവർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർക്കും കേരളത്തിൽ പരീക്ഷ എഴുതാൻ അനുവാദം നൽകിയിട്ടുണ്ട്.

Related post