• October 22, 2021

ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വീസുകളും നിര്‍ത്തിവച്ചു

 ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വീസുകളും നിര്‍ത്തിവച്ചു

നോവല്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ബേപ്പൂരില്‍ നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കപ്പലിന് ശേഷം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കപ്പല്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ചരക്ക് കപ്പല്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി നിര്‍ദ്ദേശിച്ച ലോക് ഡൗണ്‍ എല്ലാവരും ഗൗരവമായി എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. നിയമം പാലിക്കുമെന്ന് ഉറപ്പ് വരുത്താന്‍ നടപടി ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വയം രക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നാണ് അഭ്യര്‍ത്ഥന.

ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 13 സംസ്ഥാനങ്ങളിലെ 80 ജില്ലകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സര്‍വ്വീസുകള്‍ മാത്രം നിലനിര്‍ത്തി പരമാവധി ആളുകളെ വീടുകളില്‍ തന്നെ നിലനിര്‍ത്താനാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കേരളത്തിലെ പത്ത് ജില്ലകളിലും കേന്ദ്ര സര്‍ക്കാരിന്റെ ലോക് ഡൗണ്‍ നിര്‍ദ്ദേശം നിലവിലുണ്ട്. കൊവിഡ് കേസുകള്‍ നാള്‍ക്ക് നാള്‍ കൂടി വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള ജാഗ്രതയില്‍ എന്തൊക്കെ അധികം വേണ്ടിവരുമെന്ന തീരുമാനിക്കാന്‍ ഇന്ന് സംസ്ഥാനത്ത് അടിയന്തര ഉന്നതതല യോഗം ചേരുന്നുണ്ട്. ജനജീവിതത്തെ ബാധിക്കാത്ത വിധത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി മുന്നോട്ട് പോകാമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നത്. നിരോധനാജ്ഞ അടക്കം അനുയോജ്യമായ നടപടികളിലേക്ക് നീങ്ങാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related post