• October 23, 2021

തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ഒരുങ്ങി സംസ്ഥാനം

 തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ ഒരുങ്ങി സംസ്ഥാനം

വിദേശ മലയാളികള്‍ തിരിച്ചുവരികയാണെങ്കില്‍ അവരെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ കേരളം ആസൂത്രണം തുടങ്ങി. തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ ആണ് ഒരുക്കങ്ങള്‍. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനം ഉടന്‍ ഉണ്ടായാല്‍ പ്രതിദിനം 6000 പേരെങ്കിലും കേരളത്തില്‍ എത്തുമെന്നാണ് നിഗമനം. നേരത്തേ പ്രതിദിനം 90-100 വിമാനങ്ങള്‍ ആണ് സംസഥാനത്ത് എത്തിയിരുന്നത്. ശരാശരി സീറ്റുകളുടെ എണ്ണം 18000 വരെയും. കോവിഡ് സുരക്ഷയുടെ ഭാഗമായി അത് മൂന്നില്‍ ഒന്നായി കുറയുമ്പോള്‍ ഏകദേശമായി 6000 സീറ്റുകള്‍. നോര്‍ക്ക ഒരുക്കിയ ഡിജിറ്റല്‍ പ്ലാറ്റഫോമിലെ വിവരങ്ങള്‍ പ്രകാരം ഒരു ലക്ഷത്തിലേറെ പേര്‍ എത്തുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അതാതു രാജ്യങ്ങളില്‍ പരിശോധന നടത്തി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചവര്‍ക്കു മാത്രമേ യാത്ര അനുമതി ലഭിക്കുകയുള്ളു. കോവിഡ് സമൂഹവ്യാപനം ഉണ്ടായാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ 2 ലക്ഷത്തില്‍ ഏറെ മുറികളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.
മൂന്ന് തരം താമസസൗകര്യങ്ങള്‍ ആണ് ഒരുക്കുന്നത്.
ബന്ധുക്കള്‍ക്ക് പോലും രോഗപകര്‍ച്ച ഉണ്ടാവില്ല എന്ന് ഉറപ്പാക്കി ആദ്യ 14 ദിവസം വീട്ടില്‍ തന്നെ തങ്ങാന്‍ സൗകര്യം ഉള്ളവര്‍ക്ക് അങ്ങനെ കഴിയാം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ സുരക്ഷ ഉറപ്പ് വരുത്തും.
അല്ലെങ്കില്‍ വിമാനത്താവളത്തിന് സമീപം ആരോഗ്യവകുപ്പ് കണ്ടെത്തിയ ഹോട്ടലുകളില്‍ സ്വന്തം ചിലവില്‍ കഴിയാം. അതും അല്ലെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ താമസം, ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്ന കേന്ദ്രങ്ങളില്‍ താമസിക്കാം.

Related post