• October 16, 2021

കേരളത്തിന് ശുഭപ്രതിക്ഷ : ഏപ്രില്‍ അവസാനത്തോടെ കോവിഡ് 19 നെ പിടിച്ചുകെട്ടുമെന്ന് ആരോഗ്യവിദഗ്ദര്‍

 കേരളത്തിന് ശുഭപ്രതിക്ഷ : ഏപ്രില്‍ അവസാനത്തോടെ കോവിഡ് 19 നെ പിടിച്ചുകെട്ടുമെന്ന് ആരോഗ്യവിദഗ്ദര്‍

കൊവിഡ് 19 രോഗികളുടെ എണ്ണം രാജ്യത്ത് ദിനംപ്രതി വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇന്ത്യയില്‍ മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉള്ളത്.

കേരളത്തിലാണ് ആദ്യ കൊറോണ കേസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരായ മൂന്ന് പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം വീണ്ടും കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തതും കേരളത്തില്‍ തന്നെയായിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യമൊട്ടുമുള്ള നഗരങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ 265 കൊറോണ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് മരണം സഭവിച്ചെങ്കിലും കൊവിഡ് 19നെ വളരെ ശക്തമായ രീതിയില്‍ തന്നെയാണ് കേരളം പ്രതിരോധിക്കുന്നത്. ഏപ്രില്‍ അവസാനിക്കുമ്പോഴേക്കും കൊവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ കേരളത്തിനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ധര്‍. സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല എന്നത് ആശ്വാസം ഉണര്‍ത്തുന്ന കാര്യമാണ്.

265 എന്ന കണക്ക് 500 വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍കൂടുതല്‍ രോഗികള്‍ ഉണ്ടാകില്ലെന്നും ഈ കണക്കിനടുത്തെത്തുമ്പോഴേക്കും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തന്നെ തുടരാന്‍ സാധിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കഴിഞ്ഞാല്‍ രോഗത്തെ പിടിച്ച് കെട്ടാന്‍ കേരളത്തിനു കഴിയുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ലോകത്തു തന്നെ കൊവിഡ് 19 വൈറസ് പരിശോധന നടത്തുന്നതില്‍ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പക്ഷേ, ഇക്കാര്യത്തില്‍ കേരളം മുന്നിലാണ്. പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കേരളത്തിനു സാധിക്കുന്നുണ്ട് എന്നും ആശ്വാസകരമാണ്.

Related post