• October 21, 2021

രാജ്യത്ത് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ വര്‍ധിക്കുന്നു

 രാജ്യത്ത് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ വര്‍ധിക്കുന്നു

രാജ്യത്ത് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ആശങ്കയുണ്ടാക്കും വിധം വര്‍ധിക്കുന്നു. കൊവിഡ് അതിവേഗം പടരുന്ന മധ്യപ്രദേശില്‍ പതിനഞ്ച് ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകള്‍ പൂര്‍ണമായി സീല്‍ ചെയ്തു. രാജസ്ഥാന്‍, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. അതേസമയം, കൊവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഇതുവരെ 5865 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണം 169 ആയി.

രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 1,30,792 പേരുടെ സാമ്പിളുകളാണ്. ഇന്നലെയാണ് ഏറ്റവുമധികം സാമ്പിളുകള്‍ പരിശോധിച്ചത്- 16000. 320 പേര്‍ പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. പക്ഷേ, മരണനിരക്ക് കണക്കാക്കുമ്പോള്‍ സാമ്പിള്‍ പരിശോധന കൂടുതല്‍ നടത്തണമെന്ന അഭിപ്രായമാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്കയുണ്ടാക്കും വിധം ഉയരുകയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാത്രം ഇരുപത്തിമൂന്ന് പേരാണ് മരിച്ചത്.

മധ്യപ്രദേശിലെ പതിനഞ്ച് ജില്ലകളിലെ 46 ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചുപൂട്ടി. തലസ്ഥാനമായ ഭോപ്പാലും, ഇന്‍ഡോറും, ഉജ്ജയ്നും സീല്‍ ചെയ്തു. യുദ്ധകാലാടിസ്ഥാനത്തില്‍ കൊവിഡ് പരിശോധന ഊര്‍ജിതമാക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. ഡല്‍ഹിയില്‍ രോഗവ്യാപനം തടയാന്‍ ഓപ്പറേഷന്‍ ഷീല്‍ഡ് പദ്ധതി പ്രഖ്യാപിച്ചു. 21 ഹോട്ട്‌സ്‌പോട്ടുകളിലെ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടഞ്ഞിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഡോര്‍ ടു ഡോര്‍ മെഡിക്കല്‍ പരിശോധന നടത്തും.

Related post