• June 18, 2021

കേരളത്തിലേക്കു വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

 കേരളത്തിലേക്കു വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കേരളത്തിലേക്കു വരുന്ന എല്ലാ പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.

‘വന്ദേ ഭാരത് മിഷന്‍’ വഴി കേരളത്തിലേക്ക് എത്തുന്ന എല്ലാ പ്രവാസികള്‍ക്കും സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. പരിശോധന നടത്താന്‍ കേന്ദ്രം മുന്‍കൈ എടുക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആദ്യമെടുത്ത തീരുമാനം. എന്നാല്‍, ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കു പുറമേ ‘വന്ദേ ഭാരത് മിഷന്‍’ വഴി എത്തുന്ന പ്രവാസികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം കൈക്കൊണ്ടത്.

നാട്ടിലേക്കു വരുന്നവരില്‍ ഏതെങ്കിലും ഒരാള്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ ആ വിമാനത്തിലുള്ള എല്ലാവര്‍ക്കും കോവിഡ് പകരാന്‍ സാധ്യതയുണ്ട്. ഇത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിപ്പിക്കും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കോവിഡ് നെഗറ്റീവ് ആയവരെ മാത്രം കേരളത്തിലേക്ക് കൊണ്ടുവരാമെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. ശനിയാഴ്‌ച മുതല്‍ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ സൗദിയിലെയും ഒമാനിലെയും ഇന്ത്യന്‍ എംബസികള്‍ രംഗത്തെത്തി. കേരള സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച്‌ ശനിയാഴ്‌ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി സൗദി അറേബ്യയും ഒമാനും അറിയിച്ചു.

Related post