• June 23, 2021

തൃശൂരില്‍ കോവിഡ് വ്യാപന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

 തൃശൂരില്‍ കോവിഡ് വ്യാപന  സാഹചര്യത്തില്‍  കൂടുതല്‍ നിയന്ത്രണങ്ങള്‍

തൃശൂരില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഉച്ചക്ക് ശേഷം മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. ഇന്നലെ മാത്രം ജില്ലയില്‍ 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ആകെ 25 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നിലവില്‍ ജില്ലയില്‍ 145 പേരാണ് ചികിത്സയിലുള്ളത്.

മുംബൈയില്‍ നിന്നെത്തിയ 7 മാസം പ്രായമായ പെണ്‍കുഞ്ഞ് ഉള്‍പ്പെടെ 25 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് . 14 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധിച്ചത്. കോവിഡ് പോസിറ്റീവായതില്‍ 8 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 3 പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. ചാലക്കുടി സ്വദേശികളായ മുംബൈയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കോവിഡ്. കോര്‍പ്പറേഷനിലെ നാല് ശുചീകരണ തൊഴിലാളികള്‍ക്കും സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു .

ആംബുലന്‍സ് ഡ്രൈവറായ അളഗപ്പനഗര്‍ സ്വദേശിയും ക്വാറന്റൈനില്‍ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശിയും സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവായവരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. ഏഴ് പേര്‍ രോഗമുക്തരായി. പ്രതിരോധത്തിന്റെ ഭാഗമായി ആകെ 13003 പേരാണ് നിരീക്ഷണത്തിലുളളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 4 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. വാടാനപ്പിളളി, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍, മണത്തല വില്ലേജില്‍ ഉള്‍പ്പെടുന്ന ചാവക്കാട് നഗരസഭയുടെ പ്രദേശങ്ങള്‍, തൃശൂര്‍ കോര്‍പ്പറേഷനിലെ 24 മുതല്‍ 34 വരെയുള്ള വാര്‍ഡുകളും 41ആം ഡിവിഷനും ആണ് സോണില്‍ ഉള്ളത്.

Related post