• October 22, 2021

കൊവിഡ് 19: ഇറ്റലിയിലും സ്‌പെയിനിലും ഒറ്റ ദിവസം മരിച്ചത് എണ്ണൂറിലേറെ പേര്‍

 കൊവിഡ് 19: ഇറ്റലിയിലും സ്‌പെയിനിലും ഒറ്റ ദിവസം മരിച്ചത് എണ്ണൂറിലേറെ പേര്‍

കൊവിഡ് 19 ബാധിച്ച് ഇറ്റലിയിലും സ്‌പെയിനിലും ഒറ്റ ദിവസം മരിച്ചത് എണ്ണൂറിലേറെ പേര്‍. ഇറ്റലിയിലെ മരണസംഖ്യ 11,591 ആയി ഉയര്‍ന്നപ്പോള്‍ സ്‌പെയിനിലേത് 7,340 ആണ്. കൊറോണ മൂലം മരിച്ചവരില്‍ പകുതിയിലേറെ പേര്‍ ഇറ്റലിയില്‍ നിന്നും സ്‌പെയിനില്‍ നിന്നും ആണ്. ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,01,739 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതേസമയം സ്‌പെയിനില്‍ രോഗം ബാധിച്ചവരുടെ എണ്ണം 85,195 ആയി. ഇറ്റലിയില്‍ 14,620 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടപ്പോള്‍ സ്‌പെയിനില്‍ 16,780 പേര്‍ക്ക് രോഗം ഭേദമായി.

സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം മരിച്ചത് 812 പേരാണ്. ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് ഒരു ദിവസത്തെ മരണസംഖ്യ 800 കവിയുന്നത്. രാജ്യത്ത് ലോക്ക് ഡൗണ്‍ ഏപ്രില്‍ ഒന്‍പത് വരെ നീട്ടി. അതേസമയം സ്‌പെയിനില്‍ പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ലഭ്യമാക്കുകയാണ് സ്‌പെയിനിലെ ഏറ്റവും പ്രധാന വെല്ലുവിളിയെന്ന് അധികൃതര്‍ പറയുന്നു. യൂറോപ്പ് അപകടത്തിലാണെന്ന് പറഞ്ഞ സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചേഴ്‌സ് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിക്കപ്പെട്ടതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് വ്യക്തമാക്കി. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ 27 രാജ്യങ്ങളുടെ കൂട്ടായ്മ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related post