• June 20, 2021

കൊവിഡിന്റെ വരവും ചില ആറാം അറിവുകളും…!

 കൊവിഡിന്റെ വരവും ചില ആറാം അറിവുകളും…!

‘ എന്ന് തീരും ഈ കൊറോണ കാലം? ‘

മാസം 4, 5 ആയെങ്കിലും ഒരായിരം വട്ടം എല്ലാവരും മനസ്സില്‍ ചോദിച്ച ചോദ്യമാണെങ്കിലും ഇപ്പോഴും വ്യക്തമായ ഒരുത്തരം WHO ക്ക് പോലും പറയാന്‍ ആവുന്നില്ല. ‘തീരുമ്പോള്‍ തീരും’ എന്ന് മാത്രമേ ഹൈഡ്രജന്‍ ബോംബും, പ്രപഞ്ചോത്പത്തിയും വരെ കണ്ടുപിടിച്ച ശാസ്ത്രത്തിനും പറയാന്‍ പറ്റുന്നുള്ളു.(അതിന് മുന്‌പേ നമ്മള്‍ ‘തീരുമോ’ എന്നതേ ഇനി അറിയാന്‍ ഉള്ളു )
‘ക്ലൈമാക്‌സ്’ നെ കുറിച്ച് ആര്‍ക്കും വലിയ ഐഡിയ ഇല്ലെങ്കിലും പുള്ളിയുടെ ‘എന്‍ട്രിയെ’ പറ്റി പലരും പണ്ടേ പറഞ്ഞിട്ടുണ്ട് എന്നാണ് ‘സൈബര്‍ പാണന്മാര്‍’ wall ആയ wall എല്ലാം പാടി നടക്കുന്നത്. ‘കൊറോണ പ്രവചനങ്ങള്‍’ തന്നെ താരം.
അഭിനവ പ്രവാചകരുടെ പ്രവചനങ്ങളില്‍ കതിരും പതിരും തിരയുന്നത് കടലില്‍ പോയ മലേഷ്യന്‍ വിമാനം തിരയുന്ന പോലെ ആണെങ്കിലും, കണ്ണുപൊട്ടന്റ മാവിലേറ് പോലെ സംഭവം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആണ്. അവയില്‍ മെഗാ ഹിറ്റായ ചില കൊറോണ പ്രവചനങ്ങള്‍ ചര്‍ച്ചാവിഷയങ്ങളുമാണ്.അവയില്‍ വല്ല കതിരും പതിയിരിപ്പുണ്ടോ!

കൊറോണ വൈറസ് വ്യാപനം ലോകത്ത് ആരംഭിച്ചതു മുതല്‍ ഇതിന്റെ വരവിനെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും നിരവധി പ്രവചനങ്ങളാണ് ഉണ്ടായത്. ഈ പ്രവചനങ്ങളെ ലോകം വളരെ കൗതുകത്തോടെയും ആശ്ചര്യത്തോടെയുമാണ് നോക്കിക്കണ്ടത്. പത്രമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഈ പ്രവചനവാര്‍ത്തകള്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഇതില്‍ ശരിയേത് തെറ്റേത് എന്ന ചിന്തയും ചര്‍ച്ചയും ലോകമെങ്ങും അരങ്ങേറി. അതില്‍ ലോകത്തിലെഏറ്റവും സമ്പന്നനായ പ്രവാചകന്റെ പ്രവചനമാണ് സൂപ്പര്‍ ഹിറ്റ്. 2015- ല്‍(കോവിഡിന്റെ ജനനത്തിനും 5കൊല്ലം മുന്‍പ് !) മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സ് ‘ടെഡ് കോണ്‍ഫറന്‍സില്‍’ സംസാരിക്കുന്ന അവസരത്തിലായിരുന്നു വൈറസ് മൂലമുണ്ടാകുന്ന മഹാമാരികളെപ്പറ്റി പരാമര്‍ശിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് പടരുന്ന സമയത്തായിരുന്നു ബില്‍ ഗേറ്റ്സിന്റെ ഈ മഹാപ്രവചനം. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഒരു കോടി ആളുകള്‍ മരിക്കുന്നുണ്ടെങ്കില്‍ യുദ്ധം കൊണ്ടാകില്ലാ യെന്നും മറിച്ച് വൈറസ് ബാധ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇത് അദ്ദേഹം വെറുതെ പറഞ്ഞതല്ലെന്നും, ‘മൈക്രോസോഫ്റ്റ്’ പോലെ അത്ര ‘സോഫ്റ്റ്’അല്ലാത്ത അദ്ദേഹത്തിന്റെ തന്നെ മറ്റൊരു സൃഷ്ടിയാണ് ‘കൊറോണ കുഞ്ഞ്’എന്നും ചില അഭിപ്രായങ്ങള്‍ ഉണ്ട്. ‘ഈ സൃഷ്ടി’ അദ്ദേഹത്തിന് ‘അന്തിക്രിസ്തു’എന്ന അപരനാമവും നേടി കൊടുത്തിട്ടുണ്ട്. കൊറോണ വാക്സിന്‍ പരീക്ഷണത്തിന് ബില്‍ഗേറ്റ്‌സ് നൂറുകണക്കിന് കോടി ഡോളറാണ് ഇപ്പോള്‍ ചിലവിട്ടു കൊണ്ടിരിക്കുന്നത്.( അന്നേ ഈ പരിപാടി തുടങ്ങിയിരുന്നു എങ്കില്‍ ഇപ്പോള്‍ അങ്ങാടി കടയില്‍ പോലും കൊറോണ ഗുളിക കിട്ടുമായിരുന്നു,)അങ്ങനെ നോക്കുമ്പോള്‍, കൊറോണയുടെ ഈ ‘പൂന്തുവിളയാട്ടം’ അദ്ദേഹം അന്ന് സ്വപ്നം കണ്ടിരിക്കാന്‍ പോലും സാധ്യത ഇല്ല.’കച്ചവടം’ ബില്‍ഗേറ്റ്‌സിനെ ആരും പേടിപ്പിക്കേണ്ട കാര്യമില്ലല്ലോ

മറ്റൊരു പ്രവാചകന്‍ ട്വിറ്ററിലാണ്, 2013 ജൂണില്‍ മാര്‍ക്കോ എന്ന വ്യക്തി ട്വീറ്റ് ചെയ്ത ഒരു കുറിപ്പ് പലതരത്തിലാണ് ഇന്റര്‍നെറ്റ് ലോകം വ്യാഖ്യാനിച്ചത്. ‘Corona Virus….its coming’ എന്ന പ്രസ്താവനയെയാണ് ഇപ്പോഴത്തെ കൊറോണയാണെന്നും അല്ലെന്നുമുളള വാദഗതിയായി വ്യാഖ്യാനിച്ചത്.’കൊറോണ അതിന് മുന്പും ശേഷവും പലതവണ വന്ന് പോയി എന്നതും മറക്കരുത്.(ഇത് പക്ഷെ ഒടുക്കത്തെ ‘coming’ആയി പോയി )

അടുത്തയാള്‍ക്ക് ഇത് വരെ പ്രായപൂര്‍ത്തി ആയിട്ടില്ല. പക്ഷെ സംഭവം കുട്ടിക്കളിയല്ല ഇത്തരമൊരു ദുരന്തം ലോകത്ത് സംഭവിക്കുമെന്നും 2020 ഏപ്രില്‍ മാസത്തോടെ അതിന് അന്ത്യമുണ്ടാകുമെന്നും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയായ അഭിഗ്യ എന്ന് ബാലന്‍ യൂടൂബില്‍ പ്രവചനം നടത്തിയത്രെ. 2019 ആഗസ്റ്റിലായിരുന്നു കുട്ടി പ്രവാചകന്റെ പ്രവചനം. 20 മിനിറ്റ് പ്രവചന വിഡിയോയില്‍ 12ആം മിനിറ്റിലാണ് ‘കൊറോണയുടെ രംഗപ്രവേശം’.കടലിന്റെ തീരത്തുള്ള ഒരു വലിയ പട്ടണത്തില്‍ നിന്നും ഒരു യുദ്ധം പൊട്ടിപുറപ്പെടും എന്നായിരുന്നു ജൂനിയര്‍ ജ്യോതിഷിയുടെ ‘വെളിപാട്’.ഒരു മഹാദുരന്തം ചൈനയെ ബാധിക്കുമെന്നായിരുന്നു വെളിപ്പെടുത്തല്‍. (‘ചൈനയില്‍ നിന്ന് ബാധിക്കും’ എന്നായിരുന്നെങ്കില്‍ പാസ്സ് മാര്‍ക്കെങ്കിലും കൊടുക്കാമായിരുന്നു) ചൈന കൂളായി കോറോണയെ ഓടിച്ചു എന്നാണ് ചൈനകാര്‍ ഇപ്പോള്‍ പറയുന്നത്. വുഹാന്‍ മാര്‍കെറ്റില്‍ ഇനി ‘കൊറോണ’യും തൂക്കി വില്‍ക്കുന്ന കാലം വരുമോ എന്തോ !

അടുത്തയാള്‍ സൂപ്പര്‍ സീനിയര്‍ ആണ്.അഥവാ പ്രവചനങ്ങളുടെ ‘ഹോള്‍സൈല്‍’.സാക്ഷാല്‍ നോസ്ട്രഡാമസ്!

സ്വന്തം മരണംവരെ മുന്‍കൂറായി പ്രവചിച്ച് ലോക ശ്രദ്ധനേടിയ 1523 ല്‍ ഫ്രാന്‍സില്‍ ജനിച്ച ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനുമായ നോസ്ട്രഡാമസും ഈ മഹാമാരിയെപ്പറ്റി പ്രവചനം നടത്തിയതായി പറയുന്നു. കടലിന്റെ തീരത്തുള്ള ഒരു നഗരത്തില്‍ മഹാമാരി ഉണ്ടാകുമെന്ന് 1555ല്‍ പുറത്തിറങ്ങിയ ‘ലെസ് പ്രൊഫെറ്റീസ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. ഇത് ചൈനയിലെ വുഹാനെയാണ് ഉദ്ദേശിച്ചതെന്ന് വാദിക്കുന്നവരുമുണ്ട്. ഫ്രഞ്ച് വിപ്ലവവും, ഹിറ്റ്‌ലറുടെ ഉദയവും, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഒക്കെ പ്രവചിച്ചു തകര്‍ത്ത ആളാണ് കക്ഷി.കോവിഡ് പോയിട്ട് അമീബയെ പോലും 500വര്‍ഷം മുന്‍പ് ‘നോസ്ട്ര അപ്പൂപ്പന്‍’ സ്വപനത്തിലെങ്കിലും കണ്ടിട്ടുണ്ടാവാന്‍ വഴിയില്ല. കൂടാതെ അമേരിക്കന്‍ എഴുത്തുകാരനായ ഡീന്‍ കൂണ്‍റ്റ്സ് 1981 ല്‍ പുറത്തിറക്കിയ ‘ദി ഐസ് ഓഫ് ഡാര്‍ക്ക്നെസ്’ എന്ന നോവലില്‍ ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് പൊട്ടി പുറപ്പെടുമെന്ന് പരാമര്‍ശിച്ചിട്ടുണ്ടത്രെ!

പ്രവചനങ്ങള്‍ അവിടെ നില്‍ക്കട്ടെ, 2018 ല്‍ സംഭവം വെബ് സീരീസ് ആയി തന്നെ വന്നിട്ടുണ്ട് എന്നാണ് പുതിയ നെറ്ഫ്‌ലിക്‌സ്, ആമസോണ്‍ പിള്ളേര്‍ പറയുന്നത്. 2018 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ വെബ് സീരീസ് ആയ ‘my secret terrius.Aka.terrius behind me.’ ന്റെ 10ആം എപ്പിസോഡില്‍ കോറോണയെ കുറിച്ച് പറയുന്നുണ്ട് എന്നാണവരുടെ കണ്ടെത്തല്‍.വെറും പറച്ചില്‍ മാത്രമല്ല, സംഭവം ഒരു ‘ബയോ മെഡിക്കല്‍ വാര്‍’ ആണെന്നും സീരിസില്‍ വെളിപ്പെടുത്തുന്നുണ്ടത്രേ.വാര്‍ ആണോ പോരാണോ എന്നൊക്കെ അറിയാന്‍ ഇരിക്കുന്നെ ഉള്ളു.

ഇതൊന്നും പോരാഞ്ഞ് ഏപ്രിലില്‍ തന്നെ കൊറോണയുടെ കട്ടയും പടവും മുടങ്ങുമെന്നും അതല്ല,കന്നി മാസം 15നു വൈകുന്നേരം ആറു മണി കഴിഞ്ഞേ കോവിഡ് ഷെഡില്‍ കയറൂ, തുടങ്ങി സ്വന്തമായി പേരും അഡ്രസ്സും ഇല്ലെങ്കിലും fb പേജ് സ്വന്തമായുള്ള പല ലോക്കല്‍ ഇന്റര്‍നാഷണല്‍ പ്രവാചകന്മാരും പ്രവചനങ്ങള്‍ കെട്ടഴിച്ചു വിട്ടിട്ടുണ്ട്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. രാജ്യത്തെ കൊറോണ തൊട്ടു ജലദോഷപ്പനിയുടെ വരെ അവസാനവാക്കായ ICMR മെയ് മാസത്തോടെ കൊറോണ നാടുവിടും എന്ന് പ്രവചിച്ചിട്ട് മാസം 2കഴിഞ്ഞു. (വര്‍ഷം അവര്‍ പറഞ്ഞിരുന്നോ? )
ഇപ്പോള്‍ ഒരു 6മാസം കൂട്ടി പറഞ്ഞിട്ടുണ്ട്. കൊറോണ തന്നെ തീരുമാനിക്കേണ്ടി വരുമോ എന്തോ…
സംഗതി ഇതൊന്നും അല്ലെന്നും, മുസ്ലിം സഹോദരന്മാരെ ദ്രോഹിക്കുന്ന ചൈനക്ക് പടച്ചോന്‍ നേരിട്ട് ഒരു പണി കൊടുത്തതാണെന്ന് കണ്ടുപിടിച്ച ചില ഉസ്താദുമാരും (കൊറോണFirst half ല്‍, 2nd half ല്‍, കൊറോണ ഗള്‍ഫിലും കയറി പച്ചപിടിച്ചു ) പെണ്ണുങ്ങളെ മലകയറ്റിയ ഒരുത്തനും ഇനി മല ചവിട്ടേണ്ട എന്ന് അയ്യപ്പന്‍ തീരുമാനിച്ചതാണെന്ന് കവടി നിരത്തിയവരും, അതുമല്ല ചുട്ട കോഴിയെ പറത്തി ചില പ്രമുഖ കേസുകൂളുടെ വിചാരണ നീട്ടാന്‍ കൂടോത്രം ചെയ്തതാണെന്നും (ഒരു കണ്ട്രോള്‍ ഇല്ലാത്ത കൂടോത്രം ആയി പോയി) പേറ്റന്റ് ഇല്ലാത്ത പ്രവചനങ്ങളും ‘എയറില്‍’ ഉണ്ട്.ഏതായാലും സര്‍വ്വരോഗസംഹാരികളായ ‘ലാടവൈദ്യന്മാരെയും’, അത്ഭുദ സിദ്ധികളുള്ള ആള്‍ ദൈവങ്ങളെയും, തുപ്പിയും, ഊതിയും ക്യാന്‍സറിനെ വരെ കണ്ടം വഴി മണ്ടിച്ചിരുന്ന മൊല്ലാക്കമാരെയും ദൈവത്തിന്റെ ബ്രോക്കര്‍ പണി ക്വട്ടേഷന്‍ എടുത്തിരുന്ന ‘ട്രാന്‍സ്’ ടീമുകളേയും കൊറോണ ഷെഡില്‍ കയറ്റി തന്നിട്ടുണ്ട്. അതില്‍ ചിലര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‌പേ കൊറോണ വരുമെന്ന് വെളിപാട് ഉണ്ടായിരുന്നുവത്രെ. ഓര്‍മ്മ വന്നത് പക്ഷെ ഇപ്പോഴാണ്, ‘കെട്ടിപിടി വൈദ്യം’ കെട്ടിപൂട്ടി വയ്ക്കാനേ ഇപ്പോ പറ്റൂ.’കൈ മുത്തി കൊറോണയെ ഓടിക്കാം എന്ന് പ്രഖ്യാപിച്ച ഭോപ്പാല്‍ കാരനായ ഒരു ഉസ്താദ് ഇപ്പോള്‍ കൊറോണയുടെ അന്ത്യചുമ്പനം ഏറ്റുവാങ്ങി മണ്ണായി പോയി.

മഴയുണ്ടാവില്ലെന്ന് പ്രവചിച്ച് മഹാപ്രളയത്തില്‍ ഒഴുകിനടന്ന മഹാ പ്രവാചകന്‍ മാരുടെ നാടാണ് നമ്മുടേത്. 18ദിവസം കൊണ്ട് മഹാഭാരതയുദ്ധം ‘കലാസ്’ ആക്കിയ നമുക്ക് പീക്കിരി കോറോണേയെ ഓടിക്കാന്‍ 21ദിവസം മതി എന്ന് പ്രഖ്യാപിച്ച ഭരണാധികാരികള്‍ ഭരിക്കുന്ന നാടാണിത്. കിണ്ണംകൊട്ടിയും പന്തം കൊളുത്തിയും പേടിക്കാത്ത കൊറോണ ഇനി തോന്നുമ്പോള്‍ പോവട്ടെ.. അതിന് മുന്‍പ് നമ്മള്‍ ‘പോവാതിരിക്കാന്‍’ ജാഗ്രത മാത്രമേ വഴിയുള്ളു, ‘ജാഗ്രതൈ’.

ഒരു പ്രവാചകനും, കൈനോട്ടക്കാരനും പറഞ്ഞില്ലെങ്കിലും നമ്മള്‍ കൊറോണയെയും അതിജീവിക്കുക തന്നെ ചെയ്യും. ഇച്ഛാശക്തിയും ആത്മവിശ്വസവുമുള്ള ഒരു സര്‍ക്കാര്‍ നമുക്കൊപ്പമുണ്ട്. പ്രവചനങ്ങളല്ല, അവരുടെ പ്രവര്‍ത്തനങ്ങളാണ് ഇത് വരെ നാടിന് വെളിച്ചമായത്. ഇനിയും ആ വഴി പിന്തുടരാം. പറഞ്ഞത് കേട്ട് അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നാല്‍ അടുത്ത ഓണം ഉണ്ണാം. ഇല്ലെങ്കില്‍ വാവുബലിക്ക് കാക്കയായി വന്ന് ഉണ്ണേണ്ടിവരും.
‘ബ്രേക്ക് ദ ചെയിനും, തുപ്പല്ലേ തോറ്റുപോവും’ ഒന്നും വെറും പഞ്ച് ഡൈലോഗ്‌സ് അല്ല. ജീവന്‍ സുരക്ഷാ മന്ത്രങ്ങള്‍ തന്നെയാണ്.കൊറോണ കെതിരെയുള്ള യുദ്ധത്തില്‍ നമ്മുടെ കയ്യിലുള്ള പരിമിതമായ ആയുധങ്ങളാണ് (സിംപിള്‍ ആണ്, പക്ഷെ പവര്‍ഫുള്‍ ആണ്)
‘ ഭയമല്ല ജാഗ്രതയാണ് വേണ്ടത് ‘
പ്രളയങ്ങള്‍ പോലെ, നിപ പോലെ, കൊറോണയും ചരിത്രമാകും.(അല്ലെങ്കില്‍ നമ്മള്‍ ചരിത്രമാകും)

Related post