• August 3, 2021

ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ഇടപാട് നടത്താത്തവരാണോ നിങ്ങൾ

 ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ഇടപാട് നടത്താത്തവരാണോ നിങ്ങൾ

ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഇതുവരെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താത്തവരുടെ സേവനം ബ്ലോക്ക് ചെയ്യാന്‍ റിസര്‍വ് ബാങ്കിൻറെ നീക്കം. മാര്‍ച്ച്‌ 16ന് മുന്‍പായി ഒരു തരത്തിലുള്ള ഓണ്‍ലൈന്‍ ഇടപാടുകളും നടത്താത്ത ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളിലെ ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടര്‍ന്ന് ബ്ലോക്ക് ചെയ്യാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.

കാര്‍ഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്റെ നടപടി. ഇതുസംബന്ധിച്ച്‌ ബാങ്കുകള്‍ക്കും, ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്ന കമ്ബനികള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. എടിഎം, പിഒഎസ് തുടങ്ങിയ കാര്‍ഡ് ഉപയോഗിച്ച്‌ നേരിട്ടുള്ള സേവനങ്ങള്‍ മാത്രമായിരിക്കും പിന്നീട് ലഭ്യമാവുക. 

നിലവില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശമുളളവര്‍ക്ക് അവരുടെ കാര്‍ഡുകള്‍ ഇന്ത്യയില്‍ മാത്രമേ ഇനി ഉപയോഗിക്കാന്‍ സാധിക്കൂ.  രാജ്യാന്തര ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തണം എങ്കില്‍ ബാങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കി സേവനം ആക്ടിവേറ്റ് ചെയ്യേണ്ടി വരും.


പുതിയതായി കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കും ഇത് ബാധകമാണ് . കാര്‍ഡ് ഉപയോഗിച്ച്‌, ഓണ്‍ലൈന്‍ ഇടപാടുകളോ, അന്താരാഷ്ട്ര ഇടപാടുകളോ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ബാങ്കിന് പ്രത്യേകം അപേക്ഷ നല്‍കണം. ഈ സേവനങ്ങള്‍ ആവശ്യാനുസരണം സ്വിച്ച്‌ ഓഫ് ചെയ്തും, ഓണ്‍ ചെയ്തും ഉപയോഗിക്കാൻ നെറ്റ്‌ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി സുരക്ഷിത സംവിധാനം ഒരുക്കണം എന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 24 മണിക്കൂര്‍ സേവനം ലഭ്യമാക്കാനും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. 

Related post