• August 3, 2021

‘നയപ്രഖ്യാപനം’ തകര്‍പ്പന്‍ ക്ലൈമാക്‌സില്‍ അവസാനിച്ച സൂപ്പര്‍ഹിറ്റ് ചിത്രം

 ‘നയപ്രഖ്യാപനം’ തകര്‍പ്പന്‍ ക്ലൈമാക്‌സില്‍ അവസാനിച്ച സൂപ്പര്‍ഹിറ്റ് ചിത്രം

രാഷ്ട്രീയ കേരളം ഏറെ ആകാംഷയോടെ കാത്തിരുന്ന നിമിഷമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. മുന്‍ധാരണകളെയെല്ലാം കാറ്റില്‍ പറത്തുന്ന സംഭവികാസങ്ങളായിരുന്നു അന്നേ ദിനം അരങ്ങേറിയത്. ഭിന്നിച്ച് നിന്നവര്‍ എന്ന് കരുതിയ ഗവര്‍ണറും മുഖ്യമന്ത്രിയും തോളോടു തോള്‍ ചേര്‍ന്ന അപൂര്‍വ്വ കാഴ്ചക്ക് കേരള സമൂഹം സാക്ഷ്യം വഹിച്ചു. നിവര്‍ന്ന് നിന്ന് ഭരിക്കുന്ന ഉത്തമ ഭരണാധികാരിയുടെ കൈയില്‍ എന്തും ഭദ്രമായിരിക്കുമെന്ന് അടിവരയിട്ട സംഭവം. ഒരു മികച്ച സംവിധായകന്റെ തകര്‍പ്പന്‍ ക്ലൈമാക്‌സില്‍ കൈയടിയോടെ അവസാനിച്ച സൂപ്പര്‍ഹിറ്റ് ചിത്രം. ശരിക്കും അതായിരുന്നില്ലെ ഗവര്‍ണറുടെ നയപ്രഖ്യാപനവും അതിനോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളും. ഇത് ഭരണപക്ഷത്തിന്റെ വിജയം തന്നെയെന്നാണ് രാഷട്രീയ നിരീക്ഷകരുടെ കണ്ടെത്തല്‍.

വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിക്കില്ലെന്ന് തലേന്നുവരെ കരുതിയിരുന്ന പൗരത്വനിയമവിരുദ്ധ ഭാഗങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് വായിപ്പിക്കാനായി എന്നത് തന്നെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണ്. പൗരത്വനിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെയും സുപ്രീംകോടതിയെ സമീപിച്ചതിനെയും വിമര്‍ശിച്ച ഗവര്‍ണര്‍ തന്നെ ഈ സംഭവങ്ങള്‍ സര്‍ക്കാരിന്റെ നേട്ടമായി അതേ സഭയില്‍ വായിച്ചു. സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകുമെന്ന് കരുതിയവര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോടുള്ള ഗവര്‍ണ്ണറുടെ വിയോജിപ്പ് ഒഴിച്ചാല്‍ എല്ലാം സര്‍ക്കാരിന് അനുകൂലം.

പൗരത്വ നിയമത്തെ എതിര്‍ക്കുന്ന ഭാഗം ഗവര്‍ണ്ണര്‍ വായിച്ചത് അപ്രതീക്ഷത വഴിത്തിരിവായിരുന്നു. ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന ചോദ്യത്തില്‍ ഭരണപക്ഷം എന്ന ഗവര്‍ണറുടെ നയവും പ്രതിപക്ഷത്തിന് അടിയായി. പ്രതിപക്ഷത്തിന് മുന്നിലുള്ള ഏകമാര്‍ഗ്ഗം ഒത്തുകളി രാഷ്ട്രീയം എന്ന പഴയകിയ ആശയം തന്നെ ആയിരിക്കും. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഭരണകക്ഷിക്ക് നേട്ടമായെന്നാണ്‌ മറ്റൊരു രാഷ്ട്രീയ നിരീക്ഷണം.

നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി എന്ന് ഗവര്‍ണര്‍ക്ക് ആശ്വസിക്കാമെങ്കിലും, നയപ്രഖ്യാപനം അതേപടി വായിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഗവര്‍ണര്‍ മാനിക്കുകയായിരുന്നു. എങ്ങനെയൊക്കെ കൂട്ടിയാലും കിഴിച്ചാലും സര്‍ക്കാരിന് എല്ലാം ശുഭം.

Related post