• July 28, 2021

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി.

70 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 54 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പൂനം ആസാദ്, എകെ വാലിയ, അരവിന്ദ് സിംഗ് ലൗലി, കൃഷ്ണ തീരാത്ത് എന്നിവാണ് പട്ടികയിലുള്ള പ്രമുഖര്‍.

ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള സ്ഥാനാര്‍ത്ഥിയെയും ബാക്കി 14 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷന്‍ കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് സനം വിഹാറിലും ജനവിധി തേടും. ആംആദ്മി പാര്‍ട്ടി വിട്ടെത്തിയ അല്‍ക്കാ ലാംബയ്ക്ക് ചാന്ദ്‌നി ചൗക്കിലും ആദര്‍ശ് ശാസ്ത്രിക്ക് ദ്വാരകയിലും മല്‍സരിക്കാന്‍ അവസരം നല്‍കി.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പത്പര്‍ഗഞ്ചില്‍ ലക്ഷ്മണ്‍ റാവത്ത് നേരിടും.

ആംആദ്മി പാര്‍ട്ടി മുഴുവന്‍ സീറ്റുകളിലേയ്ക്കും ബിജെപി 57 സീറ്റുകളിലേയ്ക്കും നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 8നാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് നാലുദിവസത്തിനിടെ മൂന്ന് എംഎല്‍എമാരാണ് പാര്‍ട്ടിവിട്ടത്. ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ് ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുചെറുമകന്‍ ആദര്‍ശ് ശാസ്ത്രി എന്നിവരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Related post