• October 28, 2021

ജനാധിപത്യ സൂചികയില്‍ ഇന്ത്യ പിറകിലേക്ക്

 ജനാധിപത്യ സൂചികയില്‍ ഇന്ത്യ പിറകിലേക്ക്

ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ റാങ്കിങ് 10 സ്ഥാനം പിന്നിലേക്ക് പോയി. 51ാം സ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയുടെ ആകെ സ്‌കോര്‍ 2018ല്‍ 7.23 ആണ് ഉണ്ടായിരുന്നത് 6.90 എന്ന നിലയിലേക്കാണ് താഴ്ന്നത്. ഇതോടെ റാങ്കിങ്ങില്‍ ഇന്ത്യ 10 സ്ഥാനം പിന്നിലേക്ക് വന്നു. 51ാം സ്ഥാനം മാത്രമാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. നേരത്തെ നേരത്തെ റാങ്കിങില്‍ 41ാം സ്ഥാനത്തായിരുന്നു ഇന്ത്യ.


165 രാജ്യങ്ങളെയും രണ്ട് ഭൂപ്രദേശങ്ങളെയും ഉള്‍പ്പെടുത്തി ദ ഇക്കണോമിസ്റ്റ് ഇന്‍ലിജന്‍സ് യൂണിറ്റ് തയ്യാറാക്കുന്നതാണ് ജനാധിപത്യ സൂചിക. അഞ്ച് ഘടകങ്ങളെ മാനദണ്ഡമാക്കിയാണ് റാങ്കിങ് തയ്യാറാക്കുന്നത്. തിരെഞ്ഞെടുപ്പ് പ്രക്രിയകളും ബഹുസ്വരതയും, ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയ പങ്കാളിത്തം, രാഷ്ട്രീയ സംസ്‌കാരം, പൗരസ്വാതന്ത്ര്യം എന്നിവയാണ് മേഖലകള്‍. (ഡമോക്രസി ഇന്‍ഡക്‌സ്- 2019). ജനാധിപത്യാവകാശങ്ങളില്‍ ഏറ്റവും മികച്ചതും മോശവും എന്ന നിലയിലാണ് പട്ടിക തയ്യാറാക്കുന്നത്. പൗരത്വ (ഭേദഗതി) നിയമം വന്നതിന് ശേഷവും ജമ്മു കശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിന് ശേഷവും ഉള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇന്ത്യയുടെ സൂചിക 10 സ്ഥാനം പിന്നിലേക്ക് പോയത്. ‘ജനാധിപത്യത്തിന്റെ പിന്നാക്കം പോകലും പൗരസ്വാതന്ത്ര്യത്തിന്റെ ശോഷണവും’ ആണ് പ്രധാന കാരണമെന്ന് ദ ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

മൊത്ത സൂചികയ്ക്ക് പുറമെ രാജ്യങ്ങളെ ഭരണവ്യസ്ഥകളുടെ അടിസ്ഥാനത്തില്‍ നാലായി വര്‍ഗീകരിച്ചിട്ടുമുണ്ട്. പൂര്‍ണ ജനാധിപത്യം (സ്‌കോര്‍ എട്ടിന് മുകളില്‍ കിട്ടുന്നവ), ന്യൂനതയുള്ള ജനാധിപത്യം (സ്‌കോര്‍ 6നും 8നും ഇടയില്‍), സങ്കര ഭരണകൂടം (സ്‌കോര്‍ 4നും 6നും ഇടയില്‍), സമഗ്രാധിപത്യം (സ്‌കോര്‍ 4 അല്ലെങ്കില്‍ അതില്‍ താഴെ). ഇന്ത്യയുടെ ഇപ്പോഴത്തെ റാങ്കിങ് ഇതില്‍ രണ്ടാമത്തേത് ആയ ന്യൂനതയുള്ള ജനാധിപത്യം രാജ്യം എന്നതാണ്.

ചൈനയുടെ സൂചിക 2019റില്‍ 2.26 കുറഞ്ഞു. ജനാധിപത്യത്തില്‍ 153ാം സ്ഥാനമേ ചൈനയ്ക്കുള്ളൂ. ആഗോള റാങ്കിങ്ങില്‍ അത് ഏതാണ്ട് ഏറ്റവും താഴെയാണ്. ചൈനയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അടിച്ചമര്‍ത്തല്‍ കൂടിവരുന്നതായാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതായും വിലയിരുത്തുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റാങ്കിങ്ങില്‍ പാകിസ്താന്റെ സ്ഥാനം 108 ആണ്. 4.25 മാത്രമാണ് പാകിസ്താന്റെ റാങ്കിങ്. ശ്രീലങ്ക 69ാം സ്ഥാനവും ബംഗ്ലാദേശ് 80ാം സ്ഥാനത്തുമാണ്. ആഗോള പട്ടികയില്‍ ഏറ്റവും മുന്നില്‍ നോര്‍വെയാണ്. പിന്നാലെ ഐസ്ലാന്‍ഡും സ്വീഡനും. ന്യൂസിലാന്‍ഡ്, ഫിന്‍ലന്‍ഡ്, അയര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, കാനഡ, ഓസ്‌ട്രേലിയ, സ്വിറ്റസര്‍ലാന്‍ഡ് എന്നിവയാണ് ആദ്യ 10ല്‍ വരുന്ന രാജ്യങ്ങള്‍. ഉത്തര കൊറിയ ഏറ്റവും താഴെ 167ാം സ്ഥാനത്താണ്.

Related post