• October 23, 2021

കുടിയേറ്റത്തൊഴിലാളികളുടെ വികാരം മുതലെടുക്കരുത്, അവര്‍ പാവങ്ങളാണ്: ഉദ്ധവ് താക്കറെ

 കുടിയേറ്റത്തൊഴിലാളികളുടെ വികാരം മുതലെടുക്കരുത്, അവര്‍ പാവങ്ങളാണ്: ഉദ്ധവ് താക്കറെ

കുപ്രചരണങ്ങളുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മുംബൈ ബാന്ദ്രയില്‍ കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടമായെത്തിയതെന്നും തൊഴിലാളികളുടെ വികാരങ്ങള്‍ മുതലെടുത്ത് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജ്യവ്യാപക ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വദേശത്തേക്ക് മടങ്ങാനായി തൊഴിലാളികള്‍ കൂട്ടമായെത്തിയത്. ‘അവര്‍ പാവങ്ങളാണ്. ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. അവരുടെ വികാരം വച്ച് മുതലെടുപ്പിന് ശ്രമിക്കരുത്- ഉദ്ധവ് പറഞ്ഞു. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്നുള്ള തെറ്റായ പ്രചരണത്തെ തുടര്‍ന്നാണ് കുടിയേറ്റത്തൊഴിലാളികള്‍ എത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.

തെറ്റായ വാര്‍ത്ത പ്രചരിച്ചതെവിടെ നിന്നാണെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് 2687 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതില്‍ 1700 കേസുകള്‍ മുംബൈ നഗരത്തിലാണ്. കൊറോണഭീഷണി വന്‍തോതില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബാന്ദ്രയിലെത്തിയ നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു. സര്‍ക്കാര്‍ തൊഴിലാളികളോടൊപ്പമുണ്ടെന്ന് താക്കറെ ഉറപ്പുനല്‍കി. കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ലോക്ക് ഡൗണെന്നാല്‍ തടവിലിടുന്നതല്ലെന്ന് തിരിച്ചറിയണമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. ഭക്ഷണമുള്‍പ്പെടെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങാന്‍ എത്തിച്ചേര്‍ന്നതെന്ന ആരോപണം താക്കറെ നിഷേധിച്ചു.

Related post