• October 16, 2021

കയറ്റുമതി വിപണി ചൈന കയ്യടക്കും, താക്കീതുമായി വ്യവസായികൾ

 കയറ്റുമതി വിപണി ചൈന കയ്യടക്കും, താക്കീതുമായി വ്യവസായികൾ

തൊഴിലാളികൾക്ക് വേതനം നൽകാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് കയറ്റുമതിവ്യവസായ പ്രതിനിധികൾ കേന്ദ്രസർക്കാറുമായി ചർച്ച നടത്തി. ലോക്ക്ഡൗൺ മൂലം അടഞ്ഞു കിടക്കുന്ന ഉത്പാദനയൂണിറ്റുകൾ ഉടനടി തുറക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള അന്താരാഷ്ട്ര വിപണി നഷ്ടപ്പെടുമെന്ന് ഇവർ പറഞ്ഞു. ചൈന കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം ഉത്പാദനം പുനരാരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണിത്.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചർച്ചയിൽ കയറ്റുമതി വ്യവസായികൾ പറഞ്ഞത് ഈ ഘട്ടത്തിൽ ഇന്ത്യ കയറ്റുമതി ആരംഭിച്ചില്ലെങ്കിൽ വിപണി ചൈനീസ് ഉൽ‌പന്നങ്ങൾ കൈയ്യടക്കും എന്നാണ്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ നിരോധിച്ച ചില ഫാർമസ്യൂട്ടിക്കൽസ് കയറ്റുമതിയുടെ കാര്യം അവർ ഉദ്ധരിച്ചു. ഉടൻ തന്നെ മരുന്നുകൾ കയറ്റുമതി ചെയ്യാൻ അനുവാദം ലഭിച്ചില്ലെങ്കിൽ ആഗോള വിപണി ചൈന നിയന്ത്രിക്കുമെന്നും അവർ പറഞ്ഞു.
“നമ്മൾ കളമൊഴിഞ്ഞാൽ, പ്രത്യേകിച്ച് മറുപക്ഷത്ത് ചൈന ആണെങ്കിൽ, രംഗം തിരിച്ചുപിടിക്കുക എന്നത് വളരെ ദുഷ്കരമായിരിക്കും,” കയറ്റുമതി സംഘടനകളുടെ ഫെഡറേഷന്റെ ഡയറക്ടർ ജനറൽ അജയ് സഹായ് പറഞ്ഞു.
“അതുകൊണ്ട് ,സാമൂഹ്യ അകലം, ആരോഗ്യം, ശുചിത്വ മാനദണ്ഡങ്ങൾ എന്നിവ പാലിച്ചുകൊണ്ട്‌ കുറഞ്ഞത് 50 ശതമാനം തൊഴിലാളികളെ ഉപയോഗിച്ച് ഉത്പാദനം തുടങ്ങാൻ ഞങ്ങളെ അനുവദിക്കുക. വ്യവസായത്തെ സംരക്ഷിക്കാൻ ഇതേ ഉള്ളു വഴി,” അദ്ദേഹം പറഞ്ഞു.
ചരക്കു നീക്കത്തിന് സമാനമായ അളവിൽ, നിയന്ത്രിതമായ തോതിൽ, പൊതുജനസഞ്ചാരവും അനുവദിക്കണമെന്ന ആവശ്യവും ഉയർന്നു. ശമ്പളക്കാര്യം, ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെ ഫാക്ടറികളിലേക്ക് പോകാൻ അനുവദിക്കണം, സഹായ് പറഞ്ഞു.
വേതനം നൽകാൻ സാമ്പത്തിക സഹായവും കയറ്റുമതിക്കാർ തേടി. വിപണിയിലെ പണലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

Related post