• December 3, 2021

ഹേമമാലിനി തിരിച്ചുവരുന്നു

 ഹേമമാലിനി തിരിച്ചുവരുന്നു

ബോളിവുഡിലെ ഡ്രീം ഗേളായിരുന്ന ഹേമമാലിനി ഇടവേളയ്ക്ക് ശേഷം സിനിമാലോകത്തേക്ക് മടങ്ങിയെത്തുന്നു. 60കളിലും 70കളിലും സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരം വീണ്ടും സിനിമയിലെത്തുന്നതും പ്രണയവുമായിത്തന്നെയാണ്. ‘ഷിംല മിര്‍ച്ചി’യിലൂടെയാണ് മുപ്പത്തഞ്ചുകാരനെ പ്രണയിക്കുന്ന കഥാപാത്രമായാണ് 70 പിന്നിട്ട ഹേമമാലിനി എത്തുന്നത്. മകളുടെ കാമുകനെ പ്രണയിക്കുന്ന അമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ രാകുല്‍ പ്രീതിന്റെ അമ്മയാണ് ഹേമമാലിനി. സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങിത്തന്നെയാണ് ഹേമ മാലിനിയുടെ വരവ്. ‘ഷിംല മിര്‍ച്ചി’ക്ക് പിന്നാലെ തമിഴിലും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അജിത് നായകനാകുന്ന പുതിയ ചിത്രം വലിമൈയില്‍ അജിത്തിന്റെ അമ്മയായിട്ടാണ് ഹേമമാലിനി അഭിനയിക്കുന്നത്.

1962ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ഇതു സത്യ’ത്തിലൂടെയാണ് ഹേമമാലിനി സിനിമാലോകത്തേക്ക് ചുവട് വച്ചത്. വൈജയന്തിമാല നിരസിച്ച വേഷം ഏറ്റെടുത്താണ് ‘സപ്നോ കാ സൗദാഗറി’ലൂടെ ബോളിവുഡിലെത്തിയത്. പിന്നീട് ഹിന്ദി സിനിമയിലെ സ്വപ്ന സുന്ദരിയായി നിറഞ്ഞുനിന്നു. നടിയും എഴുത്തുകാരിയും നര്‍ത്തകിയുമെല്ലാമായി തിളങ്ങി. 1992ല്‍ ഷാരൂഖ് ഖാന്‍, ദിവ്യ ഭാരതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ദില്‍ ആശ്‌ന ഹേ’ എന്ന ചിത്രം സംവിധാനംചെയ്തു. ബസന്തിയായി ഷോലൈയിലും സീതാ ഔര്‍ ഗീതയിലെ ഇരട്ടവേഷവുമെല്ലാം ഹേമമാലിനിക്ക് ബോളിവുഡില്‍ സൂപ്പര്‍താര പദവിയും നല്‍കി. ‘ഷിംല മിര്‍ച്ചി’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 2020 ജനുവരി 3നാണ് ചിത്രം പ്രേക്ഷകരിലെത്തുക.

Related post