• May 13, 2021

ആവേശമായി ദുബായ് മാരത്തോണ്‍ നാളെ

 ആവേശമായി ദുബായ് മാരത്തോണ്‍ നാളെ

ദുബായ് മാരത്തണ്‍ നാളെ നടക്കും. മധ്യപൂര്‍വ ദേശത്ത് പങ്കാളിത്തം കൊണ്ടും സമ്മാനത്തുക കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന മാരത്തണ്‍ മദീനത്ത് ജുമൈറയ്ക്കു സമീപമുള്ള ഉംസുഖൈം റോഡില്‍ നിന്നാണ് ആരംഭിക്കുക. പ്രധാന മൂന്നു വിഭാഗവും രണ്ടു ചെറിയ വിഭാഗവും ചേര്‍ത്ത് അഞ്ചു വിഭാഗങ്ങളായാണ് മാരത്തണ്‍. വീല്‍ച്ചെയര്‍ മാരത്തണ്‍ എലൈറ്റ്‌സ് രാവിലെ 5.55ന് ആരംഭിക്കും. 42.195 കിലോമീറ്റര്‍ ഓടേണ്ട മാരത്തണ്‍ എലൈറ്റ്‌സ് ആറിനും മാരത്തണ്‍ മാസ്സസ് ഏഴിനും തുടങ്ങും. ഇവ മൂന്നുമാണ് പ്രധാന മാരത്തണുകള്‍. 8.15നാണ് പത്തു കിലോമീറ്റര്‍ റോഡ് റെയ്‌സ് ആരംഭിക്കുന്നത്. 4 കിലോമീറ്റര്‍ ഫണ്‍ റണ്‍ 11നു തുടങ്ങും.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രക്ഷാധികാരിയായുള്ള ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാരത്തണ്‍ ഇത്തവണ സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ദുബായ് മാരത്തണ്‍ എന്നാണറിയപ്പെടുക. 16-ാം വര്‍ഷവും തുടര്‍ച്ചയായി മുഖ്യപ്രായോജകരാകാന്‍ കഴിയുന്നതില്‍ ആഹ്ലാദമുണ്ടെന്ന് സ്റ്റാര്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് സിഇഒ റോള അബു മന്നെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദീനത്ത് ജൂമൈറയിലെ ഉംസുഖൈം റോഡില്‍ നിന്ന് ആരംഭിച്ച് ഇടത്തേക്ക് തിരിഞ്ഞ് കാരിയേജ് വേ വഴി ദുബായ് കോളജ് ജങ്ഷന്‍ കടന്ന് അല്‍ സുഫുവിലേക്കു പോയി ഒടുവില്‍ ദുബായ് പൊലീസ് അക്കാദമിക്ക് സമീപമുള്ള ഉംസുഖൈം റോഡിലാണ് അവസാനിക്കുക.

Related post