• October 18, 2021

എമിറേറ്റിലെ കളിക്കളങ്ങളില്‍ ഇനി അപരിചിതര്‍ക്ക് പ്രവേശനമില്ല; വരുന്നു ഇ-ഗേറ്റുകള്‍

 എമിറേറ്റിലെ കളിക്കളങ്ങളില്‍ ഇനി അപരിചിതര്‍ക്ക് പ്രവേശനമില്ല; വരുന്നു ഇ-ഗേറ്റുകള്‍

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം എമിറേറ്റിലെ താമസകേന്ദ്രങ്ങളിലുള്ളവര്‍ക്കു സമീപത്തെ കളിക്കളങ്ങളിലേക്കുള്ള പ്രവേശനം ഇനി ഇ-ഗേറ്റുകള്‍ വഴി. ഇ-ഗേറ്റു വഴി പ്രവേശിക്കാനുള്ള സ്മാര്‍ട് കാര്‍ഡുകളുടെ വിതരണം ഈ മാസം അവസാനം മുനിസിപ്പാലിറ്റി ആരംഭിക്കും. കാര്‍ഡുകള്‍ സൗജന്യമായാണു നല്‍കുക. താമസക്കാരുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണിത്.

33 കേന്ദ്രങ്ങളിലാണ് കാര്‍ഡ് വിതരണം. കുട്ടികളുടെ 23 കളിക്കളങ്ങള്‍, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ അടക്കം 10 സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകള്‍, നൂതന ഗെയിമുകളുള്ള ഉല്ലാസ മേഖലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആദ്യഘട്ടത്തില്‍ 6 കളിക്കളങ്ങളിലാണ് ഈ സംവിധാനമൊരുക്കുക.

ഒരോ കുടുംബത്തിനും 3 കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്യും. കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഗേറ്റ് 9 സെക്കന്‍ഡ് തുറന്നിരിക്കും. ഒന്നിലേറെ പേര്‍ക്കു കയറാന്‍ ഈ സമയം മതിയാകും. അപരിചിതകര്‍ കടക്കുന്നത് ഒഴിവാകുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും. സന്ദര്‍ശകരുടെ സാധനങ്ങള്‍ മോഷണം പോകാനുള്ള സാധ്യതയും ഇല്ലാതാകും. കളിക്കളങ്ങളിലും മറ്റും അപരിചതര്‍ കയറുന്നത് സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാണെന്നു താമസക്കാരില്‍ നിന്നു പരാതി ഉയര്‍ന്നിരുന്നു. ഇത് പ്രകാരമാണ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ഇ-ഗേറ്റുകള്‍ വരുന്നത്. എന്ന് കസ്റ്റമേഴ്‌സ് ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് റിലേഷന്‍സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ മനാല്‍ ഒബൈദ് ബിന്‍ യാറൂഫ് പറഞ്ഞു

Related post