• July 31, 2021

പൊടിയിൽ മുങ്ങി മരട്

 പൊടിയിൽ മുങ്ങി മരട്

മരട് ഫ്‌ളാറ്റുകള്‍ പൊളിച്ചത് കാരണം ഉണ്ടായ പൊടിശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ നഗര സഭാ അധ്യക്ഷയെ ഉപരോധിച്ചു. പൊടിശല്യം മൂലം വീട്ടിലിരിക്കാന്‍ പറ്റുന്നില്ലെന്നും കുട്ടികള്‍ക്ക് ശ്വാസംമുട്ടല്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നുമാണ് നാട്ടുകാരുടെ പരാതി. ആദ്യം നിലം പതിച്ച ഹോളി ഫെയ്ത്ത്, H2O ഫ്ലാറ്റിന് സമീപത്ത് താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കാറ്റ് അടിക്കുമ്ബോള്‍ ഫ്‌ളാറ്റ് പൊളിച്ച അവശിഷ്ടങ്ങളില്‍ നിന്നും വീടുകളിലേക്ക് പൊടി കയറുന്നുണ്ട്. അടുക്കളയും പാത്രങ്ങളും എല്ലാം പൊടിയില്‍ മുങ്ങിയിരിക്കുകയാണ്. ഇതിന് പരിഹാരം വേണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ പ്രതിഷേധം. സ്‌ഫോടനം നടക്കുന്നതിന് പിന്നാലെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മുകളിലേക്ക് ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ച്‌ വെള്ളം അടിച്ച്‌ പൊടി ഉയരുന്നത് ഒഴിവാക്കുമെന്നായിരുന്നു നേരത്തെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

വെള്ളമൊഴിച്ച്‌ റോഡിലെയും മറ്റും പൊടി മാത്രമാണ് ഒഴിവാക്കിയത്. വീടുകളില്‍ നിറഞ്ഞു കിടക്കുന്ന പൊടി നീക്കം ചെയ്യാന്‍ നഗരസഭയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. .

Related post