• May 15, 2021

ഇ.പി.എഫ് പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത

 ഇ.പി.എഫ് പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത

നടപ്പു സാമ്പത്തികവര്‍ഷം പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ കുറച്ചേക്കും. നിലവില്‍ 8.65 ശതമാനമാണ് ഇ.പി.എഫ്. പലിശനിരക്ക്. അത് 0.25 ശതമാനംവരെ കുറയ്ക്കാനാണ് ആലോചന. അങ്ങനെയെങ്കില്‍ പലിശ 8.35 ശതമാനമോ 8.40 ശതമാനമോ ആയി നിജപ്പെടുത്തും. തീരുമാനം ഈ മാസമൊടുവിലുണ്ടാകും. സാമ്പത്തികമാന്ദ്യവും ഓഹരിവിപണിയിലുണ്ടായ ഇടിവുംകാരണം 2018-19 ലേതുപോലെ ഇക്കൊല്ലം 8.65 ശതമാനം പലിശ നല്‍കാനാവില്ലെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. പലിശനിരക്കിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക ധനമന്ത്രാലയമാണെങ്കിലും പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റ് യോഗം അതുസംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കേണ്ടതുണ്ട്.

സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന വര്‍ഷമാണെങ്കിലും 8.65 ശതമാനംതന്നെ ഇക്കുറിയും നല്‍കാന്‍ തങ്ങള്‍ സമ്മര്‍ദം ചെലുത്തുമെന്ന് സി.ബി.ടി. (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്) അംഗം പറഞ്ഞു. സി.ബി.ടി. യോഗം ഉടനെ ചേരുന്നുണ്ട്. കഴിഞ്ഞകൊല്ലം 8.65 ശതമാനം പലിശ നല്‍കാന്‍ സി.ബി.ടിയും തുടര്‍ന്ന് തൊഴില്‍മന്ത്രാലയവും നല്‍കിയ ശുപാര്‍ശ ഏഴുമാസം കഴിഞ്ഞാണ് ധനമന്ത്രാലയം അംഗീകരിച്ചത്.

Related post