• December 3, 2021

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ജനുവരി 16 ന് തുടക്കം

 കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ജനുവരി 16 ന് തുടക്കം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. 484 എഴുത്തുകാര്‍ പങ്കെടുക്കുന്ന ബഹുഭാഷ സാഹിത്യോത്സവത്തില്‍ സ്പെയിന്‍ ആണ് അതിഥി രാജ്യം.

ഇന്ത്യന്‍ ഭാഷകളില്‍ തമിഴാണ് ഇത്തവണ അതിഥി ഭാഷ. സ്‌പെയ്‌നില്‍ നിന്ന് ഇരുപതിലധികം കലാകാരന്‍മാരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും മേളയില്‍ പങ്കെടുക്കും. ബ്രിട്ടൻ, ഈജിപ്ത്, അയര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.

പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ വര്‍ഷം ച ര്‍ച്ച ചെയ്യപ്പെടുന്ന വിഷയം. ”ഗാന്ധിയും പരിസ്ഥിതിയും, കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, ജൈവകൃഷി, പാറ ഖനനത്തിന്റെ ആഘാതം, വനനശീകരണം, മണല്‍ ഖനനം എന്നിവ നമ്മുടെ പരിസ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളും വിശകലനം ചെയ്യപ്പെടും.ഇതിനു പുറമെ , ശബരിമലയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം, അയോദ്ധ്യ വിധി, പുതിയ ചെറുകഥ, ഡോണ്‍ ക്വിക്‌സോട്ട്, മിഗുവല്‍ ഡെലിബിസിന്റെ നോവലുകള്‍, കാര്‍ട്ടോഗ്രഫി, ആദ്യകാല ഇന്ത്യക്കാരെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍, റോബോട്ടിക്‌സ്, മനുഷ്യരാശിയുടെ ഭാവി, അഭിപ്രായ രൂപീകരണത്തില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക്, സംഗീതം, ജാതി, സാഹിത്യം തുടങ്ങിയവയെല്ലാം വിവിധ സെഷനുകളിൽ ചര്‍ച്ചകള്‍ക്ക് , വിധേയമാകും.

പെരുമാള്‍ മുരുകന്‍, ആനന്ദ് ടെല്‍ടുംബ്‌ഡെ, ബെന്യാമിന്‍, ഫ്രാന്‍സിസ്‌കോ ലോപ്പസ് സിവാനെ, ഏഞ്ചല്‍ ലോപ്പസ് സോട്ടോ രാജ്ദീപ് സര്‍ദേസായി, ശശി തരൂര്‍, വില്യം ഡാല്‍റിംപിള്‍, ടോണി ജോസഫ് വികളായ ചേരന്‍, എസ് പത്മനാഥന്‍, ക്രിസ് ഏഗെ, അരി സീതാസ്, ബീറ്റ, സല്‍മ, ഹേമന്ത് ഡിവിറ്റ്, സച്ചിന്‍ കേത്കര്‍, സുബ്രോ ബന്ദോപാധ്യായ, അരുന്ധതി സുബ്രഹ്മണ്യം, ജെറി പിന്റോ എന്നിവരും . പരിസ്ഥിതി പ്രവര്‍ത്തകരായ മാധവ് ഗാഡ്ഗില്‍, വന്ദന ശിവന്‍, കലാ ലോകത്ത് നിന്നുള്ള അല്‍ക പാണ്ഡെ, സുബോദ് കേര്‍ക്കര്‍, കൃഷ്ണന്‍ സുന്ദരം എന്നിവരും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പി ന്റെ ഭാഗമായെത്തും.

കര്‍ണാടക കച്ചേരികള്‍, പപ്പറ്റ് ഷോകള്‍, തിയേറ്റര്‍, റോക്ക് ബാന്‍ഡുകളുടെ പ്രകടനങ്ങള്‍,പ്രശസ്ത ഫ്‌ലമെന്‍കോ നര്‍ത്തകിയുടെ പ്രകടനം, ജര്‍മ്മന്‍ ഡയസിന്റെ സംഗീതം, മോണിക്ക റോഡ്രിക്‌സിന്റെ നൃത്തം എന്നിവയും അരങ്ങേറും .

മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കെ എല്‍ എഫ് സാഹിത്യ പുരസ്‌കാരം (ഫിക്ഷന്‍), നോണ്‍ ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, യാത്ര എന്നീ വിഭാഗങ്ങളിലും മലയാളത്തിലെ ഏറ്റവും മികച്ച പുസ്തകത്തിനുള്ള പുരസ്‌കാരവും സമ്മാനിക്കും. കവി കെ സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും പെന്‍ഗ്വിന്‍ ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് ഹെമാലി സോധി ഫെസ്റ്റിവല്‍ അഡൈ്വസറുമാണ്. എ പ്രദീപ്കുമാര്‍ എം എല്‍ എയാണ് സംഘാടക സമിതി ചെയര്‍മാന്‍. എ കെ അബ്ദുല്‍ ഹക്കിമാണ് ജനറല്‍ കണ്‍വീനര്‍. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ വി ശശി. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍ മുഖ്യ സംഘാടനം നിര്‍വഹിക്കുന്ന സാഹിത്യോത്സവത്തിന്റെ മുഖ്യ സംഘാടകന്‍ രവി ഡീ സിയാണ്.

Related post