• July 28, 2021

ഓര്‍മകളെ മായ്ക്കാം ! മാറ്റാം !!

 ഓര്‍മകളെ മായ്ക്കാം ! മാറ്റാം !!

സ്ഥലം ലഭിക്കാന്‍ മെമ്മറി ഡിലിറ്റ് ചെയ്യുക എന്നുള്ളത് ഏറ്റവും എളുപ്പമുള്ള വഴിയാണ്. മൊബൈലിലും,കംപ്യൂട്ടറിലും സര്‍വ്വസാധാരണമായി നമ്മളത് ചെയ്യാറുമുണ്ട്. ഈ ‘മെമ്മറി ഡിലിറ്റിങ് ‘ പരിപാടി മനുഷ്യനില്‍ സാധ്യമാണോ? ഓര്‍ക്കാനിഷ്ടപ്പെടാത്ത ഓര്‍മ്മകളെ മായ്ച്ചു കളയാന്‍ സാധിച്ചിരുന്നെങ്കില്‍ ? അതും സാധ്യമാണ് എന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഓര്‍മകളെ മായ്ക്കാന്‍ മാത്രമല്ല ,മാറ്റി എഴുതാനും സാധിക്കുമത്രെ! ഒരു ലൈറ്റ് ഓഫാക്കുന്ന ലാഘവത്തോടെ ഓര്‍മകളെ ഓഫാക്കാനും, ഓണാക്കാനും കഴിഞ്ഞാല്‍ അത് മനുഷ്യ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എത്രയായിരിക്കും ? അതും പ്രകാശം ഉപയോഗിച്ച് !

എലികളില്‍ വൈകാരിക തലത്തിലുള്ള മോശം ഓര്‍മകളെ മാറ്റി, ആ സ്ഥാനത്ത് നല്ല ഓര്‍മകളെ (അതും യഥാര്‍ത്ഥമല്ലാത്ത ) പ്രതിഷ്ഠിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിരിക്കുന്നൂ.


ഒപ്‌റ്റോ ജനിറ്റിക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് എലിയുടെ മസ്തിഷ്‌കത്തിലെ ഞരമ്പു കോശങ്ങളില്‍ പ്രത്യേക രീതിയില്‍ ലേസര്‍ കിരണങ്ങള്‍ പ്രയോഗിച്ചായിരുന്നു പരീക്ഷണം.യു.സി ഡേവിഡ് സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സിലെ (UC Davis, University of california) ശാസ്ത്രഞജരാണ് ഇത്തരം ഒരു ഗവേഷണം നടത്തിയത്.


മനുഷ്യരില്‍ അതികഠിനമായ ദു:ഖത്തിനും, വിഷാദത്തിനും, മാനസികപ്രശ്‌നങ്ങള്‍ക്കുമൊക്കെ കാരണമാവുന്ന ഒാര്‍മകളെ മായ്ച്ച് കളഞ്ഞ് പകരം നല്ല ഓര്‍മകള്‍ കൊണ്ടുവരാന്‍ കഴിയുമോ ? ആവശ്യമുള്ള വിവരങ്ങള്‍ മാത്രം മെമ്മറിയില്‍ സേവ് ചെയ്ത് പരീക്ഷകള്‍ക്ക് പോവാന്‍ പറ്റുമോ ? കള്ളം പറയുന്നവരുടെ തലച്ചോറില്‍ നിന്ന് സത്യം ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുമോ ? ഗര്‍ഭപാത്രത്തിലേയും ,കഴിഞ്ഞ ജന്മത്തിലേയും (ഉണ്ടായിരുന്നെങ്കില്‍ ) ഓര്‍മകള്‍ തിരിച്ചെടുക്കാനാവുമോ ? ശാസ്ത്രമാണ് ,അസാധ്യമായത് സാധ്യമാകുന്ന ശാസ്ത്രം. മെമ്മറി റിഫ്രെഷ് ചെയ്ത് നമുക്ക് കാത്തിരിക്കാം

Related post