• October 16, 2021

പ്രവാസികളെ നാട്ടിലെത്തിക്കണം: ഹർജി ഹൈക്കോടതിയിൽ

 പ്രവാസികളെ നാട്ടിലെത്തിക്കണം: ഹർജി ഹൈക്കോടതിയിൽ

കോവിഡ്-19 നെ തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ വിമാനസർവീസ് അനുവദിക്കണമെന്ന ആവശ്യവുമായി ദുബായ് കെഎംസിസി കേരള ഹൈക്കോടതിയെ സമീപിച്ചു. ലേബർ ക്യാമ്പുകളിൽ അടക്കം കുടുങ്ങിക്കിടക്കുന്നവർക്ക് അടിയന്തരചികിത്സയും പരിചരണവും ലഭ്യമാക്കാൻ യാത്രാവിലക്കിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ദുബായ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ, അഡ്വ മുഹമ്മദ് ഷാഫി എന്നിവർ മുഖേനയാണ് റിട്ട് ഹർജി ഫയൽ ചെയ്തത്.
ചാർട്ടഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സർവീസ് തുടങ്ങാൻ തയാറാണെന്ന് എമിറേറ്റ്സ് , ഫ്‌ളൈ ദുബായ് കമ്പനികൾ അറിയിച്ചിരുന്നു. സന്നദ്ധതയറിയിച്ച വിമാനകമ്പനികൾ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടിൽ എത്തിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ക്വറന്റൈൻ ചെയ്‌ത് വൈദ്യസഹായം ലഭ്യമാക്കണം.
യുഎഇയിൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് വിദേശകാര്യമന്ത്രിക്കും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെഎംസിസി കത്തു നൽകിയിരുന്നു.
ഇന്ത്യയിൽ കുടുങ്ങിയ കാനഡ, ജർമനി സ്വദേശികളെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ പ്രത്യേക സർവീസ് നടത്തിയതിന് സമാനമായി യുഎഇയിൽ നിന്ന് ചാർട്ടഡ് വിമാനത്തിൽ ഇന്ത്യക്കാരെ എത്തിക്കണമെന്നാണ് ആവശ്യം.
വിദേശ രാജ്യത്ത് അകപ്പെട്ട സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാൻ ഒമാനടക്കമുള്ള രാജ്യങ്ങൾ വിമാനം ഏർപ്പാടാക്കിയിട്ടുണ്ട്. തൊഴിലന്വേഷിച്ചു സന്ദർശന വീസയിൽ വന്ന് കാലാവധി തീർന്നു ചെലവിന് കാശില്ലാതെ വലയുന്നവർ, യാത്രാനിയന്ത്രണം കാരണം കുട്ടികൾ ഇന്ത്യയിലും മാതാപിതാക്കൾ യുഎഇയിലുമായി കഴിയേണ്ടി വരുന്നവർ, തുടർചികിത്സ ലഭ്യമാക്കാൻ ഇന്ത്യയിൽ എത്തേണ്ടത് അനിവാര്യമായ ഗർഭിണികൾ, പരിചരിയ്ക്കാൻ മറ്റാരുമില്ലാത്ത അസുഖബാധിതരായവരെ സഹായിക്കേണ്ടതായ കുടുംബാങ്ങങ്ങൾ , തൊഴിലും ഭക്ഷ്യവസ്തുക്കളും ഇല്ലാതെ ലേബർ ക്യാമ്പുകളിൽ തുടരേണ്ടിവരുന്നവർ എന്നിവരെയൊക്കെ നാട്ടിൽ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഹർജിയിൽ കെഎംസിസി ചൂണ്ടിക്കാണിക്കുന്നു.
ലോക്ക്ഡൌൺ ഇളവ് ചെയ്യുന്നതിനെപ്പറ്റി പഠിച്ച വിദഗ്ധസമിതി വിമാന സർവീസുകൾ ജൂണ് മുതൽ മാത്രമേ അനുവദിക്കാവൂ എന്നാണ് ശുപാർശ നൽകിയത്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെട്ട് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയാൽ മാത്രമേ പ്രവാസികളുടെ ആശങ്ക ദുരീകരിക്കാൻ കഴിയൂ എന്നും ഹർജിയിൽ പറയുന്നു.

Related post