• June 19, 2021

പ്രവാസികളോട് കാണിക്കേണ്ടത് കൂട്ടുത്തരവാദിത്വം; ഒപ്പം നില്‍ക്കാം തളരാതെ

 പ്രവാസികളോട് കാണിക്കേണ്ടത് കൂട്ടുത്തരവാദിത്വം; ഒപ്പം നില്‍ക്കാം തളരാതെ

ചരിത്രത്തില്‍ സമാനതകളില്ലാത്ത രണ്ട് പ്രളയത്തെ നേരിട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന നമുക്കിടയിലേക്കാണ് കൊവിഡ് എന്ന ദുരന്തം എത്തിയത്.
കൊറോണ ബാധിക്കാത്ത ഒരു മേഖലയും ഇനിയിവിടെ ബാക്കിയില്ല. ഇതിനിടയിലേക്കാണ് ജീവിതം ഭദ്രമാക്കാന്‍ മെച്ചപ്പെട്ട ജോലികള്‍ തേടി കടല്‍ കടന്നവര്‍ എല്ലാം സ്വപ്‌നങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ചെത്തുന്നത്. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് ഇടയിലാണ് തൊഴില്‍ നഷ്ടപ്പെട്ട് ഇവര്‍ എത്തുന്നത്. നമ്മുടെ രാജ്യത്തിന്‌റെ പ്രത്യേകിച്ച് ഈ കൊച്ചു കേരളത്തിന്‌റെ സമ്പദ്ഘടനയുടെ വലിയൊരു പങ്കും വഹിക്കുന്നത് മണലാര്യങ്ങളിലെ അവരുടെ അദ്ധ്വാനം തന്നെയാണ്. നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ലെന്നാണ് ഇവരെ വിളിക്കുന്നത് തന്നെ. എന്നാല്‍, പ്രവാസികളുടെ ജീവിതം ഇനി എങ്ങനെ എന്നത് വലിയൊരു ചോദ്യം തന്നെയാണ. ഈ പ്രതിസന്ധിഘട്ടത്തില്‍ എങ്ങിനെയാണ് നമ്മള്‍ അവര്‍ക്ക് കരുത്താവുന്നത്?

പ്രവാസി മലയാളികളുടെ അധ്വാനത്തിന്‌റെ ഫലമായി കോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം കേരളത്തിലേയ്ക്ക് വന്നുകൊണ്ടിരുന്നത്. ലോകത്ത് ഏറ്റവുമധികം പ്രവാസ നിക്ഷേപം വരുന്ന രാജ്യം ഇന്ത്യയാണെന്നാണ് ലോകബാങ്ക് കണക്കുകള്‍ പറയുന്നത്. 2019 ല്‍ 79 ബില്യണ്‍ ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്. രാജ്യത്തെ പ്രവാസ വരുമാനത്തിന്റെ 19 ശതമാനവും മലയാളികളുടേതാണെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കൊവിഡ് ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് മാത്രം പ്രതിസന്ധിയിലായിരിക്കുന്നത് അഞ്ച് ലക്ഷത്തോളം പ്രവാസികളാണ്. ഇതില്‍ 25 ശതമാനത്തിന്റെ ഭാവിയാണ് ചോദ്യ ചിഹ്നമാകുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കുന്ന ദൗത്യം മാത്രമേ നിറവേറിയിട്ടുള്ളു. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ വിവിധ മേഖലകളില്‍ വൈദഗ്ധ്യം നേടിയവരാണ്. അതാത് മേഖലകള്‍ തിരിച്ചറിഞ്ഞ് പുനരധിവാസത്തിന് സാധ്യമായ വിധം വിവരങ്ങള്‍ ശേഖരിക്കാന്‍ എംബസികള്‍ നിര്‍ദേശം ഉണ്ടായിരുന്നു. എംബസികളുടെ ശേഖരിക്കുന്ന വിവരം പിന്നീട് സംസ്ഥാന സര്‍ക്കാരിന് കൈമാറാനായിരുന്നു പദ്ധതി.

ഇങ്ങിനെയൊക്കെ ആണെങ്കിലും വാസ്തവം എന്തെന്നെല്ലാം തിരികെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ തൊഴില്‍ സാധ്യതകളോ സംരഭങ്ങളോ കേരളത്തിലില്ല എന്നതാണ്. വലിയൊരു പ്രതിസന്ധിയിലേക്കാണ് ഇതു വഴിയൊരുക്കുന്നത്.

ലോകത്താകമാനം 20 കോടി ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. അറബ് രാജ്യങ്ങൡ മാത്രം അവിടെയുള്ള തൊഴില്‍ സാധ്യതയുടെ 33.2 ശതമാനവും ഇല്ലാതാകും എന്നാണ് ഏപ്രില്‍ 7 ന് ബിബിസി പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

ചുരുക്കത്തില്‍ കൊവിഡ് 19 എന്ന മഹാവ്യാധിയെ രണ്ടുതരത്തിലാണ് പ്രവാസികളെ ബാധിക്കുന്നത്. ഒന്ന് ഇവര്‍ക്ക് കൊവിഡ് 19 പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ് രണ്ട് ഇതിനോടകം രോഗം ബാധിച്ചവരെ നാട്ടില്‍ എത്തിക്കാനുള്ള സൗകര്യം ഇല്ലാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. യുകെ, ഓസ്‌ട്രേലിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലേയും മറ്‌റു രാജ്യങ്ങളിലേയും മലയാളി പ്രവാസികളില്‍ നിന്നും വ്യത്യസ്തരായി, ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളില്‍ ഭൂരിഭാഗവും ലേബര്‍ ക്യാമ്പുകളിലോ മറ്റ് ഷെയേര്‍ഡ് ഷെല്‍റ്ററുകളിലോ ആണ്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇ്ന്നും ഒന്നിച്ചുള്ള താമസ കേന്ദ്രങ്ങളില്‍ കൊവിഡ് പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എ്ല്ലാ രോഗികള്‍ക്കും ചികിത്സാ സൗകര്യം നല്‍കാന്‍ സാധിച്ചെന്നു വരില്ല. ഇനി ആരെങ്കിലും രോഗബാധിതര്‍ ആയാല്‍ തന്നെ അവര്‍ക്കു നാട്ടില്‍ തിരിച്ചെത്തി ചികിത്സ നേടാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇനി നാട്ടിലേക്ക് എത്തിച്ചാല്‍ തന്നെ, അവധി കഴിഞ്ഞ് മടങ്ങിപോകാന്‍ കഴിയാത്ത സാഹചര്യവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ നയപരമായി എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതും അതിനുവേണ്ട ഇടപെടലുകള്‍ നടത്തുക എന്നതും കേരള സര്‍ക്കാര്‍ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റിനെയും നോര്‍ക്ക റൂട്ട്‌സിനെയും ചുമതലപ്പെടുത്തിയിട്ടുള്ളതുമാണ്.

ഈ പ്രതിസന്ധിഘട്ടത്തില്‍ നമുക്ക് അവര്‍ക്കുവേണ്ടി എന്തുചെയ്യാനാകുമെന്നത് ആലോചിക്കേണ്ട്ിയിരിക്കുന്നു?

ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് അവരെ നാട്ടില്‍ എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുക എന്നതാണ്. അവരെ നാട്ടില്‍ എത്തിച്ചാല്‍ വേണ്ട നടപടികള്‍ ചെയ്തുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെങ്കിലും രോഗം പടര്‍ന്നു പിടിക്കാനുള്ള സാദ്ധ്യതയുള്ളതിനാല്‍ കേന്ദ്ര ഗവണ്‍മെന്‌റ് പ്രവാസികളെ ഇപ്പോള്‍ നാട്ടിലെത്തിക്കാന്‍ വിസമ്മതിക്കുന്ന അവസ്ഥയാളുള്ളത്. ഈ പശ്ചാത്തലത്തില്‍ അവരെ നാട്ടില്‍ തിരിച്ചെത്തിക്കാനായി കേന്ദ്ര ഗവണ്‍മെന്‌റിനോട് അഭ്യര്‍ത്ഥിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അതുമാത്രമല്ല, അവരെ നാട്ടില്‍ എത്തിച്ചാല്‍ നമ്മളാല്‍ കഴിയുന്ന സഹായം നല്‍കി ഗവണ്‍മെന്‌റിന്‌റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരേണ്ടതും നമ്മുടെ കടമയാണ്.
മറ്റൊരു കരുതല്‍ കൊറോണ രോഗം അവസാനിപ്പിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളവര്‍ക്കുവേണ്ടിയാണ്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്കാവണം. ഇനി മാറി മാറി വരുന്ന ഗവണ്‍മെന്‌റുകളെ പ്രേരിപ്പിക്കേണ്ടതും ആ ഗവണ്‍മെന്‌റുകള്‍ക്ക് അതിനുവേണ്ട പിന്‍ബലം കൊണ്ടുക്കേണ്ടതും ഓരോരുത്തരുത്തരുടെയും ഉത്തരവാദിത്തവും കടമയുമാണ്. അവരുടെ കഷ്ടപ്പാടും കണ്ണീരുമാണ് നമ്മുടെ നാടിന്‌റെ ജീവിത നിലവാരം ഉയര്‍ത്താന്‍ മുതല്‍ക്കൂട്ടായത്.

ഒരുമിച്ച് നിന്നുതന്നെ അതിജീവിക്കാം.. തളരാതെ തന്നെ മുന്നേറാം

Related post