• October 17, 2021

പ്രവാസികളെ ആർക്കും വേണ്ടേ?

 പ്രവാസികളെ ആർക്കും വേണ്ടേ?

രാജ്യത്തെ വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് സ്വന്തം രാജ്യങ്ങളിലേക്ക് തിരികെപ്പോകാൻ സംവിധാനമൊരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വന്തം പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കാനും താത്പര്യം കാട്ടണമെന്ന് പ്രവാസികള്‍ അഭിപ്രായപ്പെട്ടു. യുഎഇയും കുവൈത്തും വിദേശികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കിയിട്ടും വിമാനസര്‍വീസിന് നടത്താൻ ഭാരതസർക്കാർ അനുമതി നല്‍കാത്തതില്‍ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
കോവിഡ് – 19 ന്റെ പശ്ചാതലത്തില്‍ വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ യുഎഇയും കുവൈത്തും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് തിങ്കളാഴ്ച എമിറേറ്റ്സ് എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങിയിരുന്നു. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഈ സര്‍വീസുകള്‍. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ സമ്മതം കിട്ടാത്തതാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് വൈകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ലബനോന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഗള്‍ഫിലെ ചില രാജ്യങ്ങളില്‍ നിന്ന് അവരുടെ പൗരന്മാരെ ഇതിനോടകം നാട്ടിലെത്തിച്ചുകഴിഞ്ഞു.
ദുബായിലെ നൈഫിലടക്കം രോഗം വ്യാപിച്ച മേഖലകളില്‍ ഭീതിയോടെ കഴിയുന്ന സാധാരണക്കാരായ തൊഴിലാളികളെ അടിയന്തരസാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ചെലവില്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്നും പ്രവാസിസംഘടനകള്‍ ആവശ്യപ്പെട്ടു.

മലയാളികൾ ദുരന്തമുഖത്ത്

ലോക്ക്ഡൗണിന്റെ ഓരോ ദിവസവും പിന്നിടുമ്പോള്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന ആയിരങ്ങള്‍ക്കിടയില്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യതയേറുകയാണ്. സാധാരണക്കാരായ തൊഴിലാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികളില്‍ 50 ശതമാനവും. ലേബര്‍ക്യാമ്പുകളിലും ഒറ്റമുറിപങ്കിട്ടും കഴിയുന്ന ഇവരില്‍ അനുദിനം രോഗം പടരാനുള്ള സാധ്യതയേറുകയാണ്. അതുകൊണ്ട് തന്നെ എത്രയുംപെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഇവർ ആഗ്രഹിക്കുന്നു.
ഇന്ത്യന്‍ സമൂഹത്തിനിടയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. കുവൈത്തില്‍ ഇന്ത്യക്കാരായ രോഗികളുടെ എണ്ണം മൂന്നൂറ് കടന്നു. ബഹറിനില്‍ മലയാളികളേറെ ജോലിചെയ്യുന്ന അൽ ഹിദ്ദ് മേഖലയിലെ 41 തൊഴിലാളികളിലാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പ്രത്യേക വിമാനം അനുവദിച്ചുകൊണ്ട് തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് അവരുടെ ആവശ്യം.
രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പോകുന്നവരോട് വീട്ടില്‍ ക്വാറൈന്‍റൈനില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നതും ഒറ്റമുറിയില്‍ തിങ്ങിക്കഴിയുന്ന ലക്ഷക്കണക്കിന് വരുന്ന പ്രവാസികളില്‍ പ്രയാസമുണ്ടാക്കുന്നു. അതുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുമായി കൂടിയാലോചിച്ച് എംബസികള്‍ വഴി നാട്ടില്‍ നിന്ന് മെഡിക്കല്‍ സംഘത്തെ എത്തിച്ച് പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യവും ഉയരുന്നു. വീട്ടിലിരിക്കുന്ന ഓരോനിമിഷവും ഇവരുടെ ആരോഗ്യത്തിനു ഭീഷണിയാവുകയാണ്. നിർമ്മാണമേഖലയിലടക്കം പലയിടങ്ങളിലും ഇപ്പോഴും ജോലിനടന്നുകൊണ്ടിരിക്കുകയാണ്. നൂറ്റിയെഴുപതോളം രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടങ്ങളിൽ പണിയെടുക്കുന്നു. ഒരാൾക്ക് വൈറസ് ബാധയുണ്ടായാൽ മുറിയിൽ കഴിയുന്ന സകലർക്കും അണുബാധയേൽക്കാനുള്ള സാധ്യതയുണ്ട്.
ഇനി കേന്ദ്രസർക്കാർ വിമാനസർവീസിന്‌ അനുമതിനൽകുന്നപക്ഷം ഉണ്ടാകാൻ പോകുന്നത് മറ്റൊരു പ്രതിസന്ധിയാകും. വിമാനക്കമ്പനികൾ ടിക്കറ്റ് ചാർജ് കുത്തനെക്കൂട്ടും. അത് ഒരുശരാശരി പ്രവാസിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. സർക്കാർ ശ്രദ്ധ അവിടെയും ഉണ്ടാകണമെന്ന് സാരം. വിഷയത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണമെന്ന് പ്രവാസികൾ ഒന്നടങ്കം പറയുന്നു. ലോകകേരളസഭയിലെ പ്രവാസിവ്യവസായികളുടെ സഹായംതേടിക്കൊണ്ട് പ്രശ്നപരിഹാരം സാധ്യമാണോയെന്ന് സംസ്ഥാനം പരിശോധിക്കണം. മറ്റൊരു വിഷയം ക്വാറണ്ടൈനിൽ കഴിയാൻ നിർദ്ദേശിക്കപ്പെട്ട ആളുകളുടേതാണ്. അവർക്ക് ലേബർ ക്യാമ്പുകളിൽ ഇതിനുള്ള സൗകര്യമില്ല. ഒന്ന് ചുമയ്ക്കാൻ പോലും നിർവാഹമില്ലാതെ അവസ്ഥയാണവിടെ. ചുമച്ചാൽ മുറിയിൽ നിന്നും പുറത്താക്കുമോയെന്ന ഭയം. അധികാരികൾ എത്രയും വേഗം ഇവർക്ക് ക്വാറണ്ടൈനിൽ കഴിയാനുള്ള സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്.

തൊഴിൽപ്രതിസന്ധി രൂക്ഷമാകും

കൊവിഡ് ഭീഷണി മൂലം പ്രവാസിമലയാളികളിൽ ഒരു ലക്ഷം വരെ ആളുകൾക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക മാന്ദ്യവും നിതാഖത്തും മൂലം നിരവധി ആളുകൾ നാട്ടിലേക്ക് പലകാലങ്ങളായി തിരിച്ചെത്തിയിരുന്നു. പക്ഷെ അതിലും വലുതായിരിക്കും കൊവിഡ് ഉണ്ടാക്കുന്ന പ്രതിസന്ധിയെന്നാണ് വിലയിരുത്തൽ. സമ്പദ് വ്യവസ്ഥയെ പരിരക്ഷിക്കുന്നതോടൊപ്പം ഇവരുടെ പുനരധിവാസവും സംസ്ഥാന സർക്കാറിന് മുന്നിലെ പ്രധാന വെല്ലുവിളിയാകും. 25 ലക്ഷം പ്രവാസി മലയാളികളിൽ 90 ശതമാനവും ജോലി ചെയ്യുന്ന ഗൾഫ് മേഖലയുടെ തകർച്ചയാണ് കേരളത്തിന്‍റെ ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് വിലയിരുത്തൽ. അവിടെ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുകയാണ്. തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ച് പിടിച്ചുനിൽക്കാനാണ് മറ്റുളളവയെല്ലാം ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ 30 ശതമാനത്തിന് മുകളിൽ വിദേശ നാണ്യത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.

യുഎഇയിൽ ജോലിനഷ്‌ടപ്പെട്ടവർക്ക് പ്രതീക്ഷയുടെ പൊൻകിരണം

യുഎഇയിൽ കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് വെർച്വൽ തൊഴിൽ വിപണിയിൽ സ്വയം രജിസ്റ്റർ ചെയ്യാം. സ്വകാര്യമേഖലയിൽ തൊഴിലാളികളുടെ എണ്ണം കുറച്ചതുമൂലം പുറത്തുപോകേണ്ടി വന്നവർക്ക് http://careers.mohre.gov.ae ൽ രജിസ്റ്റർ ചെയ്യാമെന്ന് മാനവവിഭവശേഷി മന്ത്രാലയ, എമിറേതൈസഷൻ വക്താവ് അബ്ദുല്ല അൽ നുയിമി പറഞ്ഞു. കോവിഡ് -19 നെ നേരിടാൻ യുഎഇ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഫലമായി ദുരിതത്തിലായ തൊഴിലാളികളെ സഹായിക്കുന്നതിനാണ് യുഎഇ വെർച്വൽ ലേബർ മാർക്കറ്റ് രൂപകൽപ്പന ചെയ്തത്. മുൻകരുതൽ നടപടികൾ ദോഷകരമായി ബാധിച്ച എല്ലാ കമ്പനികളും നിലവിലുള്ള അധികജോലിക്കാരുടെ വിവരങ്ങൾ വെർച്വൽ ലേബർ മാർക്കറ്റിൽ രേഖപ്പെടുത്തണം. അതുവഴി മറ്റ് കമ്പനികൾക്ക് ആവശ്യാനുസരണം അവരെ റിക്രൂട്ട് ചെയ്യാൻ സാധിക്കും, വക്താവ് പറഞ്ഞു.

Related post