• October 23, 2021

ലോക്ക്ഡൗണ്‍ നീട്ടല്‍; ഇന്ത്യ നേരിടേണ്ടത് വലിയ സാമ്പത്തിക പ്രതിസന്ധി: ബര്‍ക്ലിസ്

 ലോക്ക്ഡൗണ്‍ നീട്ടല്‍; ഇന്ത്യ നേരിടേണ്ടത് വലിയ സാമ്പത്തിക പ്രതിസന്ധി: ബര്‍ക്ലിസ്

കൊവിഡ് 19 പ്രതിരോധത്തിനായി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മേയ് 3 വരെ നീട്ടിയത് ഇന്ത്യയില്‍ വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമെന്നു ബ്രിട്ടിഷ് ബ്രോക്കറേജ് സ്ഥാപനമായ ബര്‍ക്ലിസ്. ഈ സാമ്പത്തിക പ്രയാസം ആഭ്യന്തര മൊത്ത ഉത്പാദന (ജിഡിപി) സൂചികയിലും പ്രതിഫലിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗണ്‍ നീട്ടിയെന്നു ചൊവ്വാഴ്ച രാവിലെ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ബര്‍ക്ലിസിന്റെ വിലയിരുത്തല്‍.

‘ലോക്ഡൗണ്‍ നീട്ടലിലൂടെ 234.4 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് രാജ്യത്തുണ്ടാവുക. 2020 കലണ്ടര്‍ വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച പൂജ്യമായിരിക്കും. സാമ്പത്തിക വര്‍ഷം കണക്കാക്കുമ്പോള്‍ 2021ല്‍ 0.8 ശതമാനമായിരിക്കും വളര്‍ച്ച’ ബര്‍ക്ലിസ് ചൂണ്ടിക്കാട്ടി. ആദ്യം മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 120 ബില്യന്‍ ഡോളര്‍ അല്ലെങ്കില്‍ ജിഡിപിയുടെ 4 ശതമാനമോ നഷ്ടമുണ്ടാകും എന്നായിരുന്നു ബര്‍ക്ലിസിന്റെ പ്രവചനം.

അതേസമയം, ലോക്ഡൗണ്‍ നീട്ടി കോവിഡ് പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. കോവിഡിനെതിരായ ഇതുവരെയുള്ള യുദ്ധം വിജയകരമാണെന്നും പ്രശ്‌നം സങ്കീര്‍ണമാകാന്‍ രാജ്യം കാത്തുനിന്നില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നില വികസിത രാജ്യങ്ങളെക്കാള്‍ മെച്ചമാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി കോവിഡിനെതിരായ പോരാട്ടം നയിക്കുന്നവരെ ബഹുമാനിക്കണമെന്നും മോദി പറഞ്ഞു.

Related post