• June 20, 2021

ഇന്ന് അച്ഛന്‍മ്മാരുടെ ദിനം

 ഇന്ന് അച്ഛന്‍മ്മാരുടെ  ദിനം

ഇന്ന് ‘ഫാദേഴ്സ് ഡേ’. ഇന്ത്യയിൽ എല്ലാ വർഷവും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് എല്ലാവരും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്.’ ഫാദേഴ്സ് ഡേ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ പിതാവിനോടൊപ്പം സമയം ചെലവഴിക്കുക, നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുവാൻ അച്ഛന് ഒരു സമ്മാനം നൽകുക എന്നിവയൊക്കെയാണ്. ചുവന്ന റോസാപ്പൂക്കൾ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. കേക്ക് മുറിച്ചും അച്ഛനൊപ്പം സമയം പങ്കു വച്ചും നമ്മുടെ രാജ്യത്തും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നു. അച്ഛൻ കരുതിവച്ച സ്നേഹത്തിനും സംരക്ഷണത്തിനും നന്ദി പറഞ്ഞ് ഈ ഫാദേഴ്സ് ദിനം ആഘോഷമാക്കാം.

1909ലാണ് ഫാദേഴ്‌സ് ഡേയുടെ വിനീതമായ തുടക്കത്തിന് സാക്ഷ്യം കുറിച്ചത്. അമേരിക്കയില്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തുള്ള സ്‌പൊക്കേന്‍’ പട്ടണത്തിലെ ഒരു മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ മദേഴ്‌സ് ഡേ’ പ്രസംഗം കേട്ട് പ്രചോദനം കിട്ടിയ സൊനോറ സ്മാര്‍ട്ട് ഡോഡ്ഡ് എന്ന സ്ത്രീക്ക് അവളുടെ പിതാവ് വില്യം ജാക്‌സണ്‍ സ്മാര്‍ട്ടി’നായി ഒരു പ്രത്യേക ദിവസം സമര്‍പ്പിക്കണമെന്നും, പിതാവിനെ ആദരിക്കണമെന്നും കടുത്ത ആഗ്രഹം തോന്നി.

ഭാര്യയുടെ മരണശേഷം സൊനോറയേയും, സഹോദങ്ങളേയും വളരെ ബുദ്ധിമുട്ടിയാണ് വില്യം വളര്‍ത്തിക്കൊണ്ടുവന്നത്. സ്വന്തം പിതാവ് എത്രമാത്രം ത്യാഗം സഹിച്ചാണ് തന്നെയും സഹോദരങ്ങളേയും പരിപാലിച്ചതെന്ന് സൊനോറ ഓര്‍ത്തു.

പിതാവിന്റെ മഹത്വത്തിനും, ധൈര്യത്തിനും, പരിത്യാഗത്തിനും, നിസ്വാര്‍ത്ഥതയ്ക്കും എല്ലാറ്റിനുമുപരി അളവറ്റ സ്‌നേഹത്തിനും പ്രത്യുപകാരമെന്നോണം 1910 ജൂണ്‍ മാസം പത്തൊമ്പതാം തീയതി, തന്റെ പിതാവിന്റെ പിറന്നാള്‍ തന്നെ, സൊനോറ ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു.

ഫാദേഴ്‌സ് ഡേ ആഘോഷം ഒരു ഔദ്യോഗിക ആചരണമാക്കുവാന്‍ സൊനോറ അധികാരികളോടും അഭ്യര്‍ത്ഥിച്ചെങ്കിലും പരിഹാസമായിരുന്നു സൊനോറയ്ക്ക് കേള്‍ക്കേണ്ടി വന്നത്. 1913ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്രോ വില്‍സണ്‍’ ഔദ്യോഗികമായി ഫാദേഴ്‌സ് ഡേയ്ക്ക് അനുമതി നല്‍കിയെങ്കിലും മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷമാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ഇതിനു അംഗീകാരം നല്‍കിയത്.

പിന്നീട് 1972ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍, വര്‍ഷം തോറും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്‌സ് ഡേ ആയി അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനമിറക്കി.

Related post