• November 27, 2021

രണ്ടാം മോദി സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ്;ആഘോഷ പരിപാടികള്‍ ഓണ്‍ലൈനില്‍

 രണ്ടാം മോദി സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ്;ആഘോഷ പരിപാടികള്‍ ഓണ്‍ലൈനില്‍

രണ്ടാം മോദി സര്‍ക്കാരിന് ഇന്ന് ഒരു വയസ്സ് പൂര്‍ത്തിയാകുന്നു.കോവിഡിന്റെ പശ്ചാതലത്തില്‍ ആഘോഷ പരിപാടികള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്.വൈകീട്ട് നാലിന് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഫേസ്ബുക്ക് ലൈവിലൂടെ പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്കും ഇന്ന് തുടക്കമാകും. 1000 ഓണ്‍ലൈന്‍ സമ്മേളനങ്ങള്‍ ഇന്ന് സംഘടിപ്പിക്കും. രാജ്യവ്യാപകമായി 500 ഓണ്‍ലൈന്‍ റാലികളും വെര്‍ച്വല്‍ സമ്മേളനങ്ങളും നടത്തും.

ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കല്‍, രാമക്ഷേത്ര നിര്‍മാണം, മുത്തലാഖ് നിരോധനം, പൗരത്വ നിയമ ഭേദഗതി, ആത്മനിര്‍ഭര്‍ പാക്കേജ്, വന്ദേഭാരത് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും

2019 മെയ് 30 നാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.ഒരു കൊല്ലം പൂര്‍ത്തിയാവുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളിയാണ് കോവിഡിനെ പ്രതിരോധിക്കുക എന്നത്. കോവിഡിനെതിരായ പ്രതിരോധ നടപടികളുടെ ഫലം ഭരണത്തില്‍ നിര്‍ണായകമാകും.കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ചീത്രീകരിക്കുന്ന ഒരു വീഡിയോ ശനിയാഴ്ച പുറത്തിറക്കും. ഇത് സംസ്ഥാനഘടകങ്ങള്‍ പ്രാദേശിക ഭാഷകളില്‍ മൊഴിമാറ്റി ജനങ്ങളിലെത്തിക്കും.കോവിഡ് പ്രതിരോധ നടപടികള്‍ വിശദീകരിക്കുന്ന പ്രധാനമന്ത്രിയുടെ കൈപ്പടയിലുള്ള കത്ത് പത്തുകോടി കുടുംബങ്ങളില്‍ എത്തിക്കും

Related post