• June 19, 2021

സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം ഇന്ന് സര്‍വീസ് നടത്തും

 സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം ഇന്ന് സര്‍വീസ് നടത്തും

സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം ഇന്ന് സര്‍വീസ് നടത്തും. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് സര്‍വീസ്. സ്പൈസ് ജെറ്റ് നടത്തുന്ന സര്‍വീസില്‍ 175 യാത്രക്കാരാണ് ഉണ്ടാകുക.

കൊവിഡ് പ്രതിസന്ധി തുടങ്ങിയതിന് ശേഷം സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ ചാര്‍ട്ടേഡ് വിമാനമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. സ്പൈസ് ജെറ്റിന്റെ ബോയിങ് 737800 വിമാനമാണ് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തുന്നത്. 10 ഗര്‍ഭിണികളും 20 മുതിര്‍ന്ന പൗരന്മാരും 10 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ 175 യാത്രക്കാരാണ് ആദ്യ സര്‍വീസില്‍ ഉണ്ടാകുക. സൗദി സമയം ഉച്ചയ്ക്ക് 12:50ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8:15ന് കരിപ്പൂരില്‍ ഇറങ്ങും.

എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് യാത്രാ സംഘത്തിലുള്ളത്. എല്ലാ കൊവിഡ് പ്രോട്ടോകോളും പാലിച്ചായിരിക്കും യാത്ര എന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്കായി സ്പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളും ചില സന്നദ്ധ സംഘടനകളും ശ്രമം നടത്തുന്നുണ്ട്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനം കുറവായതിനാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് സൗദിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഏറെ സഹായകരമാകും.

Related post