• August 3, 2021

കളിക്കളത്തില്‍ നിന്ന് യാത്രയായി ധനരാജ്

 കളിക്കളത്തില്‍ നിന്ന് യാത്രയായി ധനരാജ്


പ്രശസ്ത ഫുട്ബോള്‍ താരം ധനരാജ് കുഴഞ്ഞു വീണു മരിച്ചു. മുന്‍ കേരള സന്തോഷ് ട്രോഫി താരമായ ആര്‍.ധനരാജ് (40) ആണ് 48 ാമത് ഖാദറലി അഖിലേന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ കുഴഞ്ഞു വീണ് മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് മത്സരം നടന്നത്. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ് എഫ്സി പെരിന്തല്‍മണ്ണക്ക് വേണ്ടിയാണ് മത്സരത്തിനിറങ്ങിയത്. ഞായറാഴ്ച രാത്രി പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാറായപ്പോള്‍ നെഞ്ചു വേദന അനുഭവപ്പെടുന്നതായി ധനരാജ് റഫറിയോട് പറഞ്ഞു.

അസ്വസ്ഥത തോന്നുന്നതായി പറഞ്ഞ ഉടനെ തന്നെ ധനരാജ് ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു. മത്സര ഗ്രൗണ്ടില്‍ തന്നെയുണ്ടായിരുന്ന മെഡിക്കല്‍ സംഘം ഉടന്‍ തന്നെ ധനരാജിനെ സമീപത്തുള്ള മൗലാന ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അര മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

ഈസ്‌റ് ബംഗാള്‍, മോഹന്‍ബഗാന്‍, മുഹമ്മദന്‍സ്, വിവ കേരള എന്നീ ടീമുകള്‍ക്ക് വേണ്ടി ധനരാജ് കളിച്ചിട്ടുണ്ട്. 2014ല്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ മുഹമ്മദന്‍സ് ക്യാപ്റ്റനായിരുന്നു ധനരാജ്. പാലക്കാട് മലമ്പുഴ ടാലന്റ് ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ധനരാജ്. അര്‍ച്ചനയാണ് ധനരാജിന്റെ ഭാര്യ. ശിവാനിയാണ് മകള്‍.

Related post