• May 14, 2021

ബുര്‍ജ് ഖലീഫയുടെ ‘വ്യൂ പോയിന്റ്’ വില്‍പനയ്ക്ക്

 ബുര്‍ജ് ഖലീഫയുടെ ‘വ്യൂ പോയിന്റ്’ വില്‍പനയ്ക്ക്

ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ ഏറ്റവും മുകളിലുള്ള വ്യൂ പോയിന്റ് ‘അറ്റ് ദി ടോപ്’ വില്‍പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. യുഎഇയിലെ എമാര്‍ പ്രോപര്‍ട്ടീസാണ് ബുര്‍ജ് ഖലീഫയിലെ ഏറ്റവും ഉയരത്തിലുള്ള വ്യൂ പോയിന്റ് വില്‍പനയ്ക്ക് വെക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖല കനത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബുര്‍ജ് ഖലീഫയിലെ വ്യൂ പോയിന്റ് വില്‍ക്കുന്നതെന്ന് എമാര്‍ പ്രോപര്‍ട്ടീസ് വ്യക്തമാക്കുന്നു. ഏകദേശം 7100 കോടിയിലേറെ രൂപ(ഒരു ബില്യണ്‍ ഡോളര്‍) ആണ് വില്‍പനയിലൂടെ പ്രതീക്ഷിക്കുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ബുര്‍ജ് ഖലീഫയിലെ വ്യൂ പോയിന്റ് വില്‍പനയ്ക്കായി എമാര്‍ പ്രോപര്‍ട്ടീസ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡിനെ ചുമതലപ്പെടുത്തിയതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുബായ് സര്‍ക്കാരിന്റെ 29.2 ശതമാനം ഷെയര്‍ ഉള്ള സ്ഥാപനമാണ് എമാര്‍ പ്രോപര്‍ട്ടീസ്. നവംബര്‍ മുതലാണ് ഇതിന്റെ വില്‍പന സംബന്ധിച്ച നീക്കങ്ങള്‍ ആരംഭിച്ചത്. അതേസമയം ഇതേക്കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫ ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിനേക്കാള്‍ രണ്ടിരട്ടിയും പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ മൂന്നിരട്ടിയും അധികം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ദുബായിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകര്‍ഷണമായ ബുര്‍ജ് ഖലീഫ 2018ല്‍ മാത്രം രാത്രികാഴ്ചകള്‍ കാണാന്‍ ഒന്നര കോടിയിലേറെ ആളുകള്‍ സന്ദര്‍ശിച്ചു.

Related post