• July 28, 2021

വാഹനങ്ങളില്‍ ഡിജിറ്റല്‍ പ്ലേറ്റ് പരീക്ഷണത്തിനായി ദുബായ്

 വാഹനങ്ങളില്‍ ഡിജിറ്റല്‍ പ്ലേറ്റ് പരീക്ഷണത്തിനായി ദുബായ്

മോട്ടോര്‍ വാഹനരംഗത്ത് പുതിയ പരീക്ഷണവുമായി ദുബായ്. വാഹനങ്ങളില്‍ ഡിജിറ്റല്‍ നമ്പര്‍ പ്‌ളേറ്റുകള്‍ സ്ഥാപിക്കുന്ന വിപ്‌ളവകരമായ മാറ്റത്തിനാണ് രാജ്യം വഴിയൊരുക്കുന്നത്. ഇതിനായി റിവൈവര്‍ ഓട്ടോ ആക്‌സസറീസ് ട്രേഡിങ് കമ്പനിയുമായി ദുബായ് ആര്‍.ടി.എ ധാരണാപത്രം ഒപ്പിട്ടു.
പാര്‍ക്കിങ് സിസ്റ്റം, ടോള്‍ ഗേറ്റുകള്‍, കാര്‍ രേഖകളുടെ കാലാവധി എന്നിവയുമായും ഗതാഗതതടസ്സം നിരീക്ഷിക്കല്‍, ലൈസന്‍സിങ്, റോഡ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഡിജിറ്റല്‍ നമ്പര്‍ പ്ലേറ്റുകളുമായി ബന്ധിപ്പിച്ചിരിക്കും. വാഹനാപകടമോ മറ്റേതെങ്കിലും അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ പോലീസിനും ആംബുലന്‍സിനും ഡിജിറ്റല്‍ പ്ലേറ്റുകള്‍ വേഗത്തില്‍ മുന്നറിയിപ്പ് സന്ദേശം നല്‍കും. അങ്ങനെ ക്യാമറകള്‍ ഉപയോഗിക്കുന്നതിൻ്റെ ആവശ്യകത കുറയ്ക്കും. ട്രാഫിക്കിനെക്കുറിച്ചും റോഡിലുണ്ടായ അപകടത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള വിവരങ്ങളും ഡ്രൈവര്‍മാര്‍ക്ക് പരസ്പരം പങ്കുവെക്കാം.
ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ. അബ്ദുല്ല യൂസഫ് അല്‍ അലി, റിവൈവര്‍ ജനറല്‍ മാനേജരും സീനിയര്‍ വൈസ് പ്രസിഡന്റുമായ പാട്രിക് അലന്‍ഗില്ലൂമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ദുബായിലെ ഗതാഗത നിയന്ത്രണം, സുരക്ഷ എന്നിവയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനാണ് ഈ പുതിയ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളെയും മറ്റ് ഗതാഗതസംവിധാനങ്ങളെയും ബന്ധിപ്പിക്കുന്നതില്‍ ഡിജിറ്റല്‍ നമ്പര്‍ പ്ലേറ്റിന് സവിശേഷപ്രാധാന്യമുണ്ടെന്ന് അല്‍ അലി പറഞ്ഞു.

Related post