• May 13, 2021

ഉന്നാവ് പീഡനക്കേസ് : മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് ജീവപര്യന്തം

 ഉന്നാവ് പീഡനക്കേസ് :  മുന്‍ ബിജെപി  എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് ജീവപര്യന്തം


ഉന്നാവ് പീഡനക്കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനു ജീവപര്യന്തം തടവും 25 ലക്ഷം പിഴയും. ഡല്‍ഹി പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. 10 ലക്ഷം രുപ പീഡനത്തിനിരയായ പെണ്‍കുട്ടിക്കും 15 ലക്ഷം രൂപ കോടതി ചിലവും കുല്‍ദീപ് സിങ് സെന്‍ഗാര്‍ നല്‍കണം. കേസില്‍ സെന്‍ഗര്‍ കുറ്റക്കാരനാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. എംഎല്‍എ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്.

ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അഞ്ചുകേസുകളാണ് നിലവില്‍ ഉന്നാവ് കേസുമായി ബന്ധപ്പെട്ടുള്ളത്. 45 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 25 ലക്ഷം നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.

പെണ്‍കുട്ടിക്കും അഭിഭാഷകനും അമ്മയ്ക്കും പെണ്‍കുട്ടിയുടെ നാല് സഹോദരങ്ങള്‍ക്കും അമ്മാവനും അടുത്ത ബന്ധുക്കള്‍ക്കും സുരക്ഷ ഉറപ്പ് വരുത്താനും കോടതിയുടെ ഉത്തരവുണ്ട്. കേസിന്റെ വിചാരണ നടത്താന്‍ ഡല്‍ഹിയില്‍ പ്രത്യേക ജഡ്ജി വേണമെന്നും സുപ്രീം കോടതി വിധിച്ചു. കൂടാതെ കുടുംബത്തിന് സമ്മതമാണെങ്കില്‍ പെണ്‍കുട്ടിയേയും അഭിഭാഷകനേയും ഡല്‍ഹിയിലേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി. വാഹനാപകടം സംബന്ധിച്ച കേസിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

Related post