• October 16, 2021

രഞ്ജൻ ഗൊഗോയ് രാജ്യസഭാ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

 രഞ്ജൻ ഗൊഗോയ് രാജ്യസഭാ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വിവാദങ്ങൾക്കിടെ സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നിനാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന് ശേഷം രഞ്ജൻ ഗൊഗോയ് മാധ്യമങ്ങളെ കാണും.

മുതിർന്ന അഭിഭാഷകൻ കെടിഎസ് തുൾസിയുടെ ഒഴിവിലേക്ക് മാര്‍ച്ച് 16നാണ് രാജ്യസഭാ എംപിയായി ഗൊഗോയിയെ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് നാമനിർദ്ദേശം ചെയ്തത്. 13 മാസം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഗൊഗോയി കഴിഞ്ഞ നവംബറിലാണ് സ്ഥാനത്ത് നിന്ന് വിരമിച്ചത്. അയോധ്യ ഭൂമി തര്‍ക്കം,ശബരിമല യുവതി പ്രവേശനം, തുടങ്ങിയ നിരവധി കേസുകളില്‍ വിധി പറഞ്ഞ ബെഞ്ചില്‍ ഗോഗോയ് അംഗമായിരുന്നു.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ലൈംഗിക ആരോപണം നേരിട്ട ചീഫ് ജസ്റ്റിസും രഞ്ജന്‍ ഗൊഗോയ് ആണ്.

രാജ്യത്തിന്‍റെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു ഗോഗോയ്. അസം സ്വദേശിയായ ഗോഗോയ് 1954-ലാണ് ജനിച്ചത്. 2001ല്‍ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി.തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബര്‍ 17ന് വിരമിച്ചു.

രഞ്ജൻ ഗൊഗോയ്‌ രാജ്യസഭാ സ്ഥാനം സ്വീകരിച്ചതിനെതിരെ മുൻ സുപ്രിംകോടതി ജഡ്ജിമാരും രാഷ്ട്രീയ നേതാക്കളും രൂക്ഷ വിമർശനവുമായി രംഗത്തെത്തിരുന്നു.

Related post