• October 23, 2021

രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷം ഇറങ്ങിപ്പോയി

 രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷം ഇറങ്ങിപ്പോയി

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങിനിടെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ഇറങ്ങിപ്പോയി.

രാജ്യസഭാ എംപിയാകുന്ന ആദ്യ മുന്‍ചീഫ് ജസ്റ്റിസാണ് ഗൊഗോയ്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കെടിഎസ് തുളസി വിരമിച്ച ഒഴിവിലാണ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദേശം ചെയ്തത്.അയോദ്ധ്യ കേസ്, ശബരിമല സ്ത്രീപ്രവേശനം, റാഫേല്‍ അഴിമതി അടക്കം നിരവധി കേസുകള്‍ ജസ്റ്റീസ് ഗൊഗോയ് പരിഗണിച്ചിട്ടുണ്ട്.

ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കെതിരായ ഏറ്റവും ഗുരുതരമായതും അഭൂതപൂര്‍വവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.ഇതിനിടെ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത് ചോദ്യംചെയ്ത് സാമൂഹിക പ്രവര്‍ത്തക മധുപൂര്‍ണിമ കിഷ്വാർ സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹരജിയും സമര്‍പ്പിച്ചിരുന്നു.

സുപ്രീം കോടതിയിലെ 46 -ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയ്. 2001 ല്‍ ഗുവാഹത്തി കോടതിയില്‍ ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം പഞ്ചാബ്-ഹരിയാന കോടതിയിലും ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 2011 ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. 2012 ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്. 2018 ഒക്ടോബര്‍ 3 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ അദ്ദേഹം 2019 നവംബര്‍ 19 ന് വിരമിച്ചു.

Related post