• October 24, 2021

കൊവിഡ് 19; രാജ്യത്ത് നാലാമത്തെ മരണം പഞ്ചാബിൽ

 കൊവിഡ് 19; രാജ്യത്ത് നാലാമത്തെ മരണം പഞ്ചാബിൽ

കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ് സ്വദേശിയായ 72 കാരനാണ് മരിച്ചത്.

രണ്ടാഴ്ച മുന്‍പ് ജര്‍മനിയില്‍ നിന്നും ഇറ്റലി വഴി ഇയാള്‍ ഇന്ത്യയില്‍ എത്തിയിരുന്നു. നാട്ടിലെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ പഞ്ചാബിലെ ബങ്കയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരണത്തെത്തുടർന്ന് ഇയാളുടെ ഗ്രാമവും പ്രദേശവും അടക്കം മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിരിക്കുകയാണ്. ഇദ്ദേഹത്തെ ചികിത്സിച്ച ഗവണ്‍മെന്റ് ഡോക്ടറും ക്വാറന്റൈനിലാണ്. അതിന് പുറമെ മരിച്ചയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടകയിലെ കുടക് ജില്ലയിലും ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍നിന്നും എത്തിയ കുടക് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു. ഇതോടെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഡോര്‍മെറ്ററികള്‍, ഹോം സ്‌റ്റേ, റിസോര്‍ട്ടുകള്‍ എന്നിവ അടച്ചിടും.

Related post