• October 22, 2021

ലക്ഷം ബെഡ് ഒരുക്കി പൊതുമരാമത്ത് വകുപ്പ്

 ലക്ഷം ബെഡ് ഒരുക്കി പൊതുമരാമത്ത് വകുപ്പ്

കോവിഡ്-19 വ്യാപനം തടയാന്‍ കൂടുതല്‍പേര്‍ക്ക് നിരീക്ഷണത്തില്‍ കഴിയേണ്ടിവന്നാല്‍ അതിന് 1,07,928 കിടപ്പ് സൗകര്യങ്ങളൊരുക്കി പൊതുമരാമത്തുവകുപ്പ്. ബാത്‌റൂം സൗകര്യങ്ങളോടുകൂടിയ 77,098 കിടപ്പ് സൗകര്യം ബുധനാഴ്ചവരെ സജ്ജമാക്കി. ഞായറാഴ്ചയാകുമ്പോഴേക്കും 30,830 ബെഡുകൂടി ഒരുക്കുമെന്ന് പൊതുമരാമത്തുമന്ത്രി ജി സുധാകരന്‍ അറിയിച്ചു. 15 ദിവസംകൊണ്ടാണ് പൊതുമരാമത്തുവകുപ്പ് ഇത്രയും സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ആകെ ബെഡുകളില്‍ 60 ശതമാനവും പ്രത്യേക മുറികളാണ്. 30 ശതമാനം വിശാലമായ ഹാളുകളും ബാത്ത്‌റൂം ഉള്‍പ്പെടെ ഐസൊലേഷന്‍ സൗകര്യമുള്ളവയാണ്. റൂമുകളില്‍ എയര്‍കണ്ടീഷന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. സ്റ്റെറിലൈസേഷന്‍, ഓക്‌സിജന്‍ സിലണ്ടറുകള്‍, കിടക്ക സംവിധാനങ്ങള്‍, മറ്റ് ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് സജ്ജമാക്കും.

മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിവ ഇതിലുള്‍പ്പെടും. കൂടാതെ, സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, മെഡിക്കല്‍, എന്‍ജിനിയറിങ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, അവയുടെ ഹോസ്റ്റലുകള്‍, വ്യവസായവകുപ്പിന്റെ കീഴിലുള്ള കെട്ടിടങ്ങള്‍ എന്നിവയുമുണ്ട്. മറ്റു വകുപ്പുകള്‍ തയ്യാറായാല്‍ അവരുടെ കെട്ടിടങ്ങളുംകൂടി ഐസൊലേഷന്‍ വര്‍ഡുകളാക്കാന്‍ തയ്യാറാണെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളൊരുക്കാന്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

Related post