• June 23, 2021

സ്വർണക്കടത്ത് കേസ്; സന്ദീപ് നായർക്ക് ബിജെപി ചായ്‍വ്‌ ; സിപിഎം പ്രവർത്തകനെന്ന് അമ്മ

 സ്വർണക്കടത്ത് കേസ്; സന്ദീപ് നായർക്ക്  ബിജെപി ചായ്‍വ്‌ ; സിപിഎം പ്രവർത്തകനെന്ന് അമ്മ

സ്വർണക്കടത്ത് കേസിലെ പ്രധാനകണ്ണികളിലൊരാളായി കസ്റ്റംസ് കണ്ടെത്തിയ സന്ദീപ് നായർ സിപിഎം പ്രവർത്തകനെന്ന് അമ്മ ഉഷ ഏഷ്യാനെറ്റ് ന്യൂസിനോട്. എന്നാൽ സന്ദീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ പറയുന്നതെല്ലാം മറിച്ചാണ്. സന്ദീപിന് ബിജെപിയോടാണ് കടുത്ത ചായ്‍വെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളിൽ കുമ്മനം രാജശേഖരൻ മത്സരിച്ച സമയത്ത് പ്രചാരണരംഗത്ത് സന്ദീപുണ്ടായിരുന്നു എന്ന സൂചനകളുമുണ്ട്.

പല കമ്പനികളിലും മകൻ മാറിമാറി ജോലി ചെയ്തിരുന്നുവെന്നാണ് സന്ദീപിന്‍റെ അമ്മ ഉഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സന്ദീപ് ഇപ്പോഴെവിടെയെന്ന് അറിയില്ല. ”പല കമ്പനികളിലായി അവൻ ജോലി ചെയ്തിരുന്നു. എല്ലാം കഴി‌ഞ്ഞ് ഇപ്പഴാണ് കാർബൺ ഡോക്ടർ എന്ന പരിപാടി അവൻ തുടങ്ങിയത്. വലിയ ടെൻഷനുള്ള ജോലിയല്ലേ, നെറയേ തെരക്കല്ലേ, അതുകൊണ്ട് അവൻ എപ്പഴും ഒന്നും വീട്ടിൽ വരാറില്ല. അവന്‍റെ ജോലിയെക്കുറിച്ചൊന്നും എനിക്ക് വിശദമായി അറിഞ്ഞുകൂടാ. സ്വപ്ന എന്ന പെൺകുട്ടിയെ ഞാൻ കട ഉദ്ഘാടനത്തിനാണ് ആദ്യമായി കണ്ടത്. പിന്നെ രണ്ട് മൂന്ന് തവണ കൂടി കണ്ടു. അവർക്ക് രാഷ്ട്രീയനേതാക്കളുമായി നല്ല ബന്ധമുണ്ടെന്നാണ് മോൻ പറഞ്ഞിട്ടുള്ളത്”, അമ്മ ഉഷ പറയുന്നു.

സന്ദീപിന് ഏതെങ്കിലും പാർട്ടിയുമായി ബന്ധമുണ്ടോ എന്ന് ചോദിക്കുമ്പോൾ, അവൻ പാ‍ർട്ടിയിലുണ്ട് എന്നാണ് അമ്മ ഉഷ പറയുന്നത്. ഏത് പാർട്ടി എന്ന് ചോദിക്കുമ്പോൾ സിപിഎം എന്ന് അവർ പറയുന്നു.

എന്നാൽ സന്ദീപ് നായരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പറയുന്ന കഥ മറ്റൊന്നാണ്. സന്ദീപ് നായർക്ക് കടുത്ത ബിജെപി ചായ്‍വുണ്ടായിരുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റുകളിലുള്ളത്. കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് എന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പ്രൊഫൈലിന്‍റെ കവർ ഫോട്ടോ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കാർബൺ ഡോക്ടർ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്.

എന്നാൽ താഴേയ്ക്ക് 2015-ലും മറ്റുമുള്ള പോസ്റ്റുകളിൽ കടുത്ത ബിജെപി അനുഭാവിയായിട്ടാണ് സന്ദീപ് സ്വയം അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു ആദ്യം സന്ദീപ്. പിന്നീട് പല ആളുകളുടെ ഡ്രൈവരായി ജോലി ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഒരു ബിജെപി കൗൺസിലറുടെ ഡ്രൈവറായും ജോലി ചെയ്തു.

2015 മുതലിങ്ങോട്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ബിജെപി ആഭിമുഖ്യം പ്രകടമായി സന്ദീപ് കാണിച്ചിരിക്കുന്നത്. 2016-ൽ അതായത് നാല് വർഷം മുമ്പുള്ള പോസ്റ്റുകളുടെ കമന്‍റുകളിൽ എന്നും താൻ ബിജെപിയാണെന്നും കുമ്മനം സ്വന്തം വീട്ടിലുണ്ടെന്നും അവിടെ തങ്ങളെല്ലാവരും ഉണ്ടെന്നും സന്ദീപ് എഴുതിയിരിക്കുന്നത് കാണാം.

Related post