• October 16, 2021

ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഗൂഗിള്‍

 ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഗൂഗിള്‍

സര്‍ക്കാരുകളെ കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഗൂഗിള്‍. 131 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ സഞ്ചാരപാതയെക്കുറിച്ചുള്ള വിവരങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പ്രത്യേക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ഭൂപ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ സഞ്ചാരപ്രവണത രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ഗൂഗിള്‍ തങ്ങളുടെ ഔദ്യോഗിക ബ്ലോഗില്‍ വ്യക്തമാക്കി.

‘പാര്‍ക്കുകള്‍, കടകള്‍, വീടുകള്‍, ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങളിലെ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തുക. കൊറോണ മഹാമാരിയെ നിയന്ത്രിക്കുന്നതിനായുള്ള നടപടികളെടുക്കാന്‍ ഇത് സര്‍ക്കാരുകളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവശ്യയാത്രകളിലുണ്ടായ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവൃത്തിസമയങ്ങളിലുള്‍പ്പെടെ മാറ്റംവരുത്താന്‍ അധികൃതരെ ഈ രേഖകള്‍ സഹായിക്കും. അതേസമയം, ഉപയോക്താക്കളെ വ്യക്തിപരമായി തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ഇതിലുണ്ടാവില്ല” -ഗൂഗിള്‍ മാപ്പ് മേധാവി ജെന്‍ ഫിച്ച്പാട്രിക്, ഗൂഗിള്‍ ആരോഗ്യവിഭാഗം മേധാവി കാരെന്‍ ഡിസാല്‍വോ എന്നിവര്‍ പോസ്റ്റില്‍ പറഞ്ഞു.

Related post