• October 23, 2021

തെരുവു വിളക്കുകളോ, ടി.വിയോ, ഫാനോ ഓഫാക്കേണ്ടതില്ല ; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

 തെരുവു വിളക്കുകളോ, ടി.വിയോ, ഫാനോ ഓഫാക്കേണ്ടതില്ല ; വിശദീകരണവുമായി  കേന്ദ്രസര്‍ക്കാര്‍

കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യമായി ലൈറ്റുകള്‍ ഓഫ് ചെയ്ത് വിളക്കു കത്തിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.

ലൈറ്റ് ഓഫ് ചെയ്യുന്ന ഞായറാഴ്ച രാത്രി ഒമ്പതു മണിക്ക് വോള്‍ട്ടേജ് വ്യതിയാനം ഉണ്ടാകും എന്ന പ്രചരണത്തെ തുടര്‍ന്നാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്. ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടാകും വിധം വൈദ്യുതി ഗ്രിഡില്‍ വ്യതിയാനം ഉണ്ടാകുമെന്ന ധാരണ ചിലയിടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അതു ശരിയല്ല എന്നും ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡുകള്‍ ശക്തവും സുസ്ഥിരവുമാണ്. ആവശ്യമായ സജ്ജീകരണങ്ങളും പ്രോട്ടോകോളുകളും സ്വീകരിച്ചിട്ടുണ്ട്. വീടുകളില്‍ ഏപ്രില്‍ അഞ്ചിന് ഒമ്പതു മണി മുതല്‍ 9.9 വരെ ലൈറ്റ് ഓഫ് ചെയ്യുക എന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. സ്ട്രീറ്റ് ലൈറ്റുകളോ കംപ്യൂട്ടര്‍, ടി.വി, ഫാന്‍, റഫ്രിജറേറ്റര്‍, എസി തുടങ്ങിയവ ഒന്നും ഓഫാക്കേണ്ടതില്ല. ലൈറ്റുകള്‍ മാത്രം മതി- ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി.

ആശുപത്രികള്‍, മറ്റു അവശ്യ സേവന സ്ഥാപനങ്ങള്‍, ഓഫീസുകള്‍, പൊലീസ് സ്റ്റേഷന്‍, വ്യവസായ ശാലകള്‍ തുടങ്ങിയ ഇടങ്ങളിലെ ലൈറ്റുകളെല്ലാം പതിവു പോലെ പ്രവര്‍ത്തിക്കും. വീടുകളിലെ ലൈറ്റണയ്ക്കാന്‍ മാത്രമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുസുരക്ഷയ്ക്കായി എല്ലാ തെരുവു വിളക്കുകളും കത്തിച്ചിരിക്കണം- മന്ത്രാലയം വിശദീകരിച്ചു. ഒമ്പത് മിനിറ്റുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ഏപ്രില്‍ അഞ്ചിന് ഞായറാഴ്ച രാത്രി ഒമ്പതിന് ഒമ്പത് മിനിറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്യാന്‍ മോദി ആവശ്യപ്പെട്ടത്.

Related post