• October 23, 2021

വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടുന്നത് തുടരണമെന്ന് മന്ത്രിതല സംഘം

 വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടുന്നത് തുടരണമെന്ന് മന്ത്രിതല സംഘം

എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും നാലാഴ്ചകൂടി അടച്ചിടണമെന്ന് കേന്ദ്രമന്ത്രിമാരുടെ സംഘം അഭിപ്രായപ്പെട്ടു. മതസമ്മേളനങ്ങൾക്കും ഇക്കാലയളവിൽ വിലക്കേർപ്പെടുത്തണം. ലോക്ക്ഡൗൺ ഘട്ടംഘട്ടമായേ പിൻവലിക്കൂ എന്നതിന്റെ സൂചനയായി ഇതിനെകാണാമെന്നു വൃത്തങ്ങൾ പറഞ്ഞു. മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കേണ്ടതാണ്. എന്നാൽ കോവിഡ്-19 കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണം നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നെങ്കിലും ദേശീയതാത്പര്യം മുൻനിർത്തി തീരുമാനങ്ങൾ ഉചിതസമയത്ത് കൈക്കൊള്ളുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
ലോക്ക്ഡൗണിനുശേഷം ചൊവ്വാഴ്ച നടന്ന മന്ത്രിമാരുടെ നാലാമത്തെ യോഗത്തിൽ നിയന്ത്രണങ്ങൾ നീട്ടിയാലും പിൻവലിച്ചാലും എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടണമെന്ന നിർദ്ദേശം ഉയർന്നുവന്നു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, വാർത്താവിതരണപ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ, ടെക്സ്റ്റൈൽസ്, വനിതാ, ശിശുവികസന മന്ത്രി സ്മൃതി ഇറാനി, ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ മറ്റു കേന്ദ്രമന്ത്രിമാർ എന്നിവർ പങ്കെടുത്തു.

Related post