• June 15, 2021

ഹാഗിയ സോഫിയയിൽ വീണ്ടും ബാങ്ക് വിളി ഉയരുമ്പോൾ

 ഹാഗിയ സോഫിയയിൽ വീണ്ടും ബാങ്ക് വിളി ഉയരുമ്പോൾ

ഒരു കാലഘട്ടത്തിന്റെ ചരിത്രം അവിടുത്തെ രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക ശേഷിപ്പുകളുടെ ചരിത്രം കൂടിയാണ്. അങ്ങനെയാകുമ്പോള്‍ഏഷ്യ, യൂറോപ്പ് എന്നീ രണ്ട് ഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന തുര്‍ക്കി നിരവധി ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന പ്രദേശമാണ്. രണ്ട് ഭൂഖണ്ഡങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഭൂപ്രകൃതി തുര്‍ക്കിയുടെ ചരിത്രപരവും സാംസ്‌കാരികപരവുമായ പരിണാമത്തെ സ്വാധീനിച്ചിട്ടുണ്ട്. ചരിത്രത്തിലുടനീളം പാശ്ചാത്യവും പൗരസ്ത്യവുമായ നിരവധി സംസ്‌കാരങ്ങളുടെ സമ്മേളന വേദിയായിരുന്നു തുര്‍ക്കി. ബോസ്ഫറസ് കടലിടുക്കിന്റെ ഇരു കരകളിലുമായി നീണ്ടു കിടന്ന ഈ നഗരം ഒരു കാലത്ത് ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരുടെ സ്വന്തം കോണ്‍സ്റ്റാന്റിനോപ്പിള്‍ ആയിരുന്നു. ഇസ്ലാമിക- ക്രൈസ്തവ നാഗരികതകളുടെ നിരന്തര സംഘട്ടനത്തിനും ,പോരാട്ടത്തിനും വേദിയായിരുന്ന തുര്‍ക്കിക്ക് കുരിശ് യുദ്ധത്തിന്റെ നീറുന്ന ചരിത്രം കൂടി ഓര്‍ത്തെടുക്കാനുണ്ട്. നേതൃത്വ നിരയിലെ സ്ഥാന വ്യതിചലനങ്ങള്‍ കോണ്‍സ്റ്റാന്റ്നോപ്പിളിനെ ഇസ്താംബൂളാക്കിയും,പള്ളികളെ മസ്ജിദുകളായി രൂപാന്തരപ്പെടുകയും ചെയ്തു. അങ്ങനെ ഭരണകൂടത്തിന്റെ ഇച്ഛയ്ക്കും,പകയ്ക്കമനുസരിച്ച് പേര് മാറ്റിയും, പരിഷ്‌കരിച്ചും ഗതകാല സ്മരണകളുടെ നോവുമായി ഒരു നിര്‍മിതി തുര്‍ക്കിയിലുണ്ട്. ഹാഗിയ സോഫിയ….

റോമന്‍ സമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിയസ് രണ്ടാമനാണ് ഹാഗിയ സോഫിയയുടെ ആദ്യ നിര്‍മ്മാണത്തിന് ഉത്തരവിട്ടത്. പ്രാചീന ലത്തീന്‍ വാസ്തുകല ശൈലിയില്‍, എ.ഡി 360ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ കെട്ടിടം അക്കാലത്തെ തന്നെ പേരുകേട്ട ഒരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ദേവാലയമായി മാറി. എ.ഡി 440ലുണ്ടായ കലാപത്തെ തുടര്‍ന്ന് ഈ പള്ളി ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു. കിഴക്കന്‍ റോമിന്റെ ചക്രവര്‍ത്തിയായിരുന്ന തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തില്‍ എ.ഡി 405ല്‍ രണ്ടാമത്തെ കെട്ടിടം നിര്‍മ്മിച്ചു. പക്ഷെ എ.ഡി 532ല്‍ അതും നശിപ്പിയ്ക്കപ്പെട്ടു.തുടര്‍ന്ന് ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തി എ.ഡി 532ല്‍ മൂന്നാമതായി ദേവാലയം നിര്‍മ്മിയ്ക്കാന്‍ തീരുമാനിക്കുകയും എ.ഡി 537-ല്‍ അതിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. ദേവാലയത്തിന്റെ ശില്പികള്‍ ക്ഷേത്രഗണിതജ്ഞനും വാസ്തു ശാസ്ത്രജ്ഞനായിരുന്ന ഇസിഡോര്‍ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമായിരുന്നു. ഗ്രീസ്, ഈജിപ്റ്റ്, സിറിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിവിധ വര്‍ണങ്ങളിലുള്ള മാര്‍ബിള്‍ പാളികളുപയോഗിച്ചായിരുന്നു നിര്‍മ്മാണം.

1520ല്‍ സെവില്‍ കത്തീഡ്രല്‍ നിര്‍മ്മിക്കുന്നതുവരെ ഏതാണ്ട് ആയിരം വര്‍ഷത്തോളം ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളിയായിരുന്നു ഇത്. എഡി 562 മുതല്‍ 1204 വരെ ഈസ്റ്റേണ്‍ ഓര്‍തൊഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനമായും, 1204 മുതല്‍ 1262 വരെ കത്തോലിക്ക കത്രീഡലായും, 1261 മുതല്‍ 1453 ഈസ്റ്റേണ്‍ ഓര്‍തൊഡോക്‌സ്് സഭയുടെ പള്ളിയായും, ഹഗിയ സോഫിയ ക്രിസ്ത്യന്‍ ദേവാലയമായി തന്നെ തുടര്‍ന്നു.1453ല്‍ ഓട്ടമന്‍ സമ്രാജ്യ അധിപതി മെഹ്മെത് രണ്ടാമന്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കുകയും ഹഗിയ സോഫിയ-യില്‍ ചില മാറ്റങ്ങള്‍ വരുത്തി മുസ്ലീം ദേവലായമാക്കുകയും ചെയ്തു. മക്കയിലേക്ക് നേരെ തിരിഞ്ഞിരിക്കുന്ന രീതിയില്‍ ചുമരില്‍ ഒരു ഒരു ദ്വാരവും ഒരു പ്രാര്‍ത്ഥനാമണ്ഡപവും ചേര്‍ത്ത് ഈ ദേവാലയത്തെ ഒരു മസ്ജിദ് ആക്കി മാറ്റി. പിന്നീട് ഓട്ടമന്‍ സമ്രാജ്യത്തിലെ പല അധികാരികളും ദേവാലയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. 1847-കൂടി മിനാരങ്ങള്‍ ഉള്‍പ്പടെയുള്ള മാറ്റങ്ങളുമായി ഹഗിയ സോഫിയ മസ്ജീദായി മാറി. എന്നാല്‍ ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം 1930ല്‍ മതേതര തുര്‍ക്കിയുടെ നേതാവ് മുസ്തഫ കമാല്‍ അടതുര്‍ക്ക് ഹഗിയ സോഫിയയെ ഒരു മ്യൂസിയമാക്കി പ്രഖ്യാപിക്കുകയായിരുന്നു. കാലങ്ങളോളം അത് മ്യൂസിയമായി നിന്നു. എന്നാല്‍ തുര്‍ക്കിയുടെ മതേതര മൂല്യങ്ങള്‍ പാടെ തകര്‍ക്കുന്നതാണ് മതതീവ്രവാദിയായ തയ്യിപ് എര്‍ദോഗന്റെ പുതിയ പ്രഖ്യാപനം .പരമ്പരാഗതമായി യൂറോപ്പിലെ രോഗി എന്ന സ്ഥാനമാണ് തുര്‍ക്കിക്കുള്ളത്. തീവ്ര മതേതരത്വവാദികളും കടുത്ത ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള ഒരു സംഘര്‍ഷം പതിറ്റാണ്ടുകളായി തുര്‍ക്കി സമൂഹത്തിലുണ്ട്. എര്‍ദോഗന്റെ ഈ നടപടിയും ഇതിന് ആക്കം കൂട്ടുകയാണ് .

85 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ നിര്‍മിതിയില്‍ വീണ്ടും ബാങ്ക് വിളി ഉയര്‍ന്നിരിക്കുന്നു. തുര്‍ക്കിയിലെ മൂസലീങ്ങള്‍ അഹ്ലാദ പ്രകടനം നടത്തുന്നു.എര്‍ദോഗാന് വേണ്ടി അവര്‍ കയ്യടിക്കുന്നു.എന്നാല്‍ ലോകക്രമത്തെ പാടെ തകര്‍ക്കാന്‍ പോകുന്ന വിത്തിനുള്ള പാതയാണെന്നത് അവര്‍ മനസ്സിലാക്കുന്നില്ല. മതം എന്ന വികാരത്തെ ഇളക്കിവിട്ട് ലോക മുസ്ലീങ്ങളുടെ രക്ഷകനും,ആത്മീയ നോതാവുമായി അവരോധിക്കാനുള്ള എര്‍ദോഗാന്റെ തന്ത്രപ്രധാന നീക്കം തന്നെയാണ് ഇത് എന്ന നിഗമനത്തിലേ നമുക്ക് എത്താന്‍ സാധിക്കൂ.കാരണം മറ്റൊന്നുമല്ല,
‘മുസ്ലിം ലോകത്തിന്റെ’ നേതൃസ്ഥാനത്ത് നിന്ന് സൗദി പതിയെ പിറകോട്ട് അടിക്കുകയാണ്. പരമ്പരാഗത ഇസ്ലാം സങ്കല്‍പ്പങ്ങള്‍ തിരുത്തി സൗദ്ി ഭരണധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ സര്‍വ്വതലങ്ങളിലും പരിഷ്‌കാരങ്ങള്‍ കൊണ്ട് വരുന്നു.സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ,ചാട്ടവാറടി ശിക്ഷ റദ്ദാക്കല്‍ ,അങ്ങനെ പല സമവാക്യങ്ങളും പൊളിച്ചെഴുതുന്നു. ഈ സാഹചര്യം പരമാവധി മുതലെടുക്കാനാണ് എര്‍ദോഗന്റെ ശ്രമം. ഒപ്പം പാകിസ്ഥാനും മലേഷ്യയുമായി ചേര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഇസ്ലാമിക രാഷ്ട്രീയ ഐക്യത്തിനായും എര്‍ദോവാന്‍ ശ്രമിക്കുന്നു.

്.മതവും ദേശീയതയും തമ്മില്‍ കൂടിച്ചേരുന്ന രാജ്യമാണ് തുര്‍ക്കി, അതിനാല്‍ ശക്തമായ എര്‍ദോഗന്‍ വിരുദ്ധ ക്യാമ്പില്‍ പലതും സ്മാരകത്തിന്മേലുള്ള തുര്‍ക്കി പരമാധികാരത്തിന്റെ തത്വത്തെ പിന്തുണയ്ക്കും.അതുകൊണ്ട് തന്നെ’ആ അവകാശം ഉയര്‍ത്തിപ്പിടിക്കുന്നത് ഹാഗിയ സോഫിയ ഒരു മ്യൂസിയമാണോ പള്ളിയാണോ എന്ന ചര്‍ച്ചയെ തുരത്തും. തുര്‍ക്കിയിലെ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എതിര്‍പ്പിന് അവിടെ വലിയ പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല.

ഹാഗിയ സോഫിയ പള്ളിയിലേക്ക് മടങ്ങിവരുന്നതിന്റെ നെഞ്ചെരിച്ചില്‍ ഇരട്ടിയാണ്. ഒന്ന്, എര്‍ദോഗന്‍ എന്ന സ്വേച്ഛാധിപത്യ നേതാവാണ് ഈ മാറ്റം വരുത്തിയത്, രണ്ട് തുടക്കം മുതല്‍ തന്നെ അേേദ്ദഹത്തിന്റെ രാഷ്ട്രീയ അജണ്ട തുര്‍ക്കിയുടെ ‘മതേതരവല്‍ക്കരണം’ ഇല്ലാതാക്കുകയെന്നതാണ്.റെസപ് തയെപ് എര്‍ദോവാന്‍ അധികാരത്തില്‍ എത്തിയതിന് ശേഷം തുര്‍ക്കിയില്‍ ഇസ്ലാം രാഷ്ട്രീയത്തിന് കൂടുതല്‍ പ്രാധാന്യവും സ്വീകാര്യതയും ലഭിക്കുകയാണ്. ഇത് തന്നെയാണ് ഹാഗിയ സോഫിയയിലും പ്രതിഫലിക്കുന്നത്.

ഹാഗിയ സോഫിയ യൂറോപ്പിലെ ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് ഒരു അഭിമാന പ്രശ്‌നം കൂടെയാണ്. കാരണം 900 വര്‍ഷത്തോളം ഹാഗിയ സോഫിയ നിലനിന്നത് ക്രിസ്ത്യന്‍ ദേവാലയമായിട്ടാണ്് . 500 വര്‍ഷത്തോളം മാത്രമാണ് മുസ്ലിം ആരാധനാലയം എന്ന നിലയിലുളള പാരമ്പര്യം പറയാനുളളത്. എന്റെ ചിന്തകള്‍ ഇസ്താംബൂളിലേക്ക് പോകുന്നു. ഞാന്‍ ഹാഗിയ സോഫിയയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഞാന്‍ വളരെയേറെ ദു:ഖിതനാണ്.” തുര്‍ക്കിയുടെ തീരുമാനത്തില്‍ മാര്‍പാപ്പ പ്രതികരിച്ചത് ഇങ്ങനെയാണ്. തുര്‍ക്കിയുടെ തീരുമാനം അവിശ്വാസം വര്‍ധിപ്പിക്കുകയും മതസമുദായങ്ങള്‍ തമ്മിലുള്ള പുതിയ വിഭജനത്തിന് ഇട വരുത്തുമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചു.ബൈസന്റൈന്‍ വാസ്തുകലയുടെ മകുടോദാഹരണമായ ഹഗിയ സോഫിയയെ ഒരു മ്യൂസിയമായി നിലനിര്‍ത്തണമെന്ന് യുനെസ്‌കോ അടക്കമുള്ള സംഘടനകളും അമേരിക്കയടക്കമുള്ള രാജ്യങ്ങളും പറഞ്ഞെങ്കിലും തുര്‍ക്കി തങ്ങളുടെ തീരുമാനത്തില്‍നിന്ന് പിന്നോട്ടു പോയില്ല.ജൂലൈ 24ന് ഹഗിയ സോഫിയയില്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൈസ്തവരുടെ വികാരത്തെ മാനിക്കാതെ തുര്‍ക്കി പ്രസിഡന്റ് എടുത്ത നടപടി ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു. ദൈവാലയത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രൈസ്തവ ചിത്രങ്ങള്‍ സംരക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുര്‍ക്കി ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമായിട്ടില്ല.

ഒരു മ്യൂസിയം നശിക്കുമ്പോള്‍ ഒരുപാട് ചരിത്രമാണ് നശിക്കുന്നത് ഒരു പള്ളി അവിടെ പുനര്‍ജ്ജനിക്കുന്നത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്. കഴിഞ്ഞ ദിവസം വരെ ഒരേസമയം ക്രിസ്ത്യന്‍ ആരാധനയും മുസ്ലിം ആരാധനയും നടന്നിരുന്ന മതസൗഹാര്‍ദ്ദത്തിന് ലോകത്തിന് മാതൃകയായ ഒരു ആരാധനാലയത്തെയാണ് കേവലം രാഷ്ട്രീയ ലാഭം മാത്രം കണക്കിലെടുത്ത് ഇല്ലാതാക്കാന്‍ ശ്രമിച്ചത്.കൊറോണ എന്ന മഹാമാരി ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുമ്പോള്‍ പള്ളിയും,ചര്‍ച്ചും,ക്ഷേത്രവും പൂട്ടിക്കെട്ടി ,മനുഷ്യ ജീവന് വേണ്ടി നെട്ടോട്ടമോടുമ്പോഴാണ് ഈ പ്രഖ്യാപനം എന്നോര്‍ക്കണം. ഇപ്പോഴല്ലെങ്കില്‍ മനുഷ്യന് എന്നാണ് തിരിച്ചറിവുണ്ടാവുക.

– അക്ഷയ ജനാര്‍ദ്ദനൻ

Related post