• June 19, 2021

ഉഷ്ണ തരംഗം ; എട്ട് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്

 ഉഷ്ണ തരംഗം ; എട്ട് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്

ഡല്‍ഹി അടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗത്തെത്തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജംഗില്‍ താപനില 46 ഡിഗ്രി സെല്‍ഷ്യസും പാലം ഏരിയയില്‍ 47.6 സെല്‍ഷ്യസും രേഖപ്പെടുത്തി. സഫ്ദര്‍ജംഗില്‍ 18 വര്‍ഷത്തിനു ശേഷവും പാലം ഏരിയയില്‍ 10 വര്‍ഷത്തിനും ശേഷമാണ് ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്.

നിലവില്‍ 46 ഡിഗ്രിയാണ് ഡല്‍ഹിയിലെ ചൂട്. അടുത്ത 2 ദിവസം പഞ്ചാബ്, ഛത്തീസ്ഗഢ്, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ അത്യുഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്.

ഉച്ചക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പലയിടത്തും പൊടിക്കാറ്റും, കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങി. കഴിഞ്ഞ വര്‍ഷം 50 ഡിഗ്രി രേഖപ്പെടുത്തിയ ഉഷ്ണ തരംഗത്തില്‍ രാജ്യത്ത് പത്ത് പേര്‍ മരിച്ചിരുന്നു.

മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ 47.6 ഉം രാജസ്ഥാനിലെ ചുരുവില്‍ 47.5 ഡിഗ്രിയും രേഖപ്പെടുത്തി. മെയ് 28 മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related post