• October 16, 2021

288 ദിവസത്തെ നിരാഹാരം ; തുര്‍ക്കി വിപ്ലവ ഗായികയ്ക്ക് വിട

 288 ദിവസത്തെ നിരാഹാരം ; തുര്‍ക്കി വിപ്ലവ ഗായികയ്ക്ക് വിട

ഇരുനൂറിലേറെ ദിവസങ്ങള്‍ നീണ്ടുനിന്ന നിരാഹാരത്തിനൊടുവില്‍ തുര്‍ക്കി വിപ്ലവഗായിക മരണത്തിന് കീഴടങ്ങി. തുര്‍ക്കിയിലെ നാടോടി ഗായകസംഘത്തിലെ അംഗവും ഏറെ ആരാധകരുള്ള ഗായികയുമായ ഹെലിന്‍ ബോലെക് (28) ആണ് വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങിയത്.

പ്രതിഷേധഗാനങ്ങള്‍ക്ക് പേരുകേട്ട ഗ്രുപ്പ് യോറം ബാന്‍ഡിന്റെ മുന്‍നിരയിലെ ശബദമായിരുന്നു ഹെലിന്‍ ബോലെക്.ഇടതുപക്ഷ അനുഭാവമുള്ള ‘ഗ്രൂപ്പ് യോറം’ എന്നുപേരുള്ള സംഗീതസംഘത്തിന് തുര്‍ക്കി ഭരണകൂടം നിരോധനമേര്‍പ്പെടുത്തുകയും സഹഗായകരായ ഏഴുപേരെ തടവില്‍വയ്ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹെലിന്‍ സമരം തുടങ്ങിയത്. ഭീകരസംഘടനയായി കണക്കാക്കുന്ന റവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടുമായി സംഘത്തിന് ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി 2016ലാണ് യോറത്തിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.

ഹെലിന്റെയും സുഹൃത്ത് ഇബ്രാഹിം ഗോക്സെയുടെ സമരത്തെത്തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളെ തടവില്‍നിന്ന് മോചിപ്പിച്ചിരുന്നു. എന്നാല്‍, യോറം ഗ്രൂപ്പിനുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹെലിന്‍ സമരം തുടരുകയായിരുന്നു.മാര്‍ച്ച് 11 ന് ഗോക്സെയെ നിര്‍ബന്ധപൂര്‍വം സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചികിത്സ നിഷേധിച്ച് ഡിസ്ചാര്‍ജ് ചെയ്തതായി മനുഷ്യാവകാശ സംഘടന ആരോപിക്കുന്നു.

നിരാഹാരസമരം അവസാനിക്കുന്നത് സംബന്ധിച്ച് മനുഷ്യാവകാശപ്രവര്‍ത്തകരുടെ സംഘം കഴിഞ്ഞമാസം തുര്‍ക്കി ഉപ ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, പ്രതിഷേധം അവസാനിപ്പിക്കാതെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതായി മനുഷ്യാവകാശസംഘടനകള്‍ വ്യക്തമാക്കുന്നു.

തുര്‍ക്കിയിലെ പ്രശസ്ത ഗായകനും ഗാനരചയിതാവുമായ സുല്‍ഫു ലിവനെല്ലി, 2012 ലെ ഒരു സംഗീത പരിപാടിയില്‍ യോറം ബാന്‍ഡിനൊപ്പം പാടി, ട്വിറ്ററില്‍ ബൊലെക്കിന്റെ മരണത്തില്‍ ദുംഖം പ്രകടിപ്പിച്ച് അദ്ദേഹം ഇങ്ങനെ കുറിച്ചു ”നിരാഹാരസമരം മരണത്തില്‍ കലാശിക്കാതിരിക്കാനുള്ള പോരാട്ടം നിര്‍ഭാഗ്യവശാല്‍ പരാജയപ്പെട്ടു” .ഹെലിന്റെ മരണത്തെ തുടര്‍ന്ന് ലോകവ്യാപകമായി ആരാധകരും ഇടതുപക്ഷപ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Related post