• October 23, 2021

കൊറോണ : പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയിട്ടില്ലെന്ന് ഹൈക്കോടതി

 കൊറോണ : പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയിട്ടില്ലെന്ന് ഹൈക്കോടതി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതി. കൊറോണ പ്രതിരോധ സാമഗ്രികള്‍ വിപണിയില്‍ ആവശ്യത്തിന് ലഭ്യമല്ലെന്നും സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ അഭിഭാഷകരുടെ സന്നദ്ധസംഘടന ജസ്റ്റിസ് ബ്രിഗേഡ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

ജനുവരി 26 മുതല്‍ ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ കോടതിക്ക് കൈമാറി. സംസ്ഥാനത്ത് മെഡിക്കല്‍ സ്റ്റോറുകളില്‍ സാനിറ്റൈസറും മുഖാവരണവും ആവശ്യത്തിനു കിട്ടാനില്ലെന്നും ആവശ്യക്കാരേറിയപ്പോള്‍ വില കൂട്ടി വില്‍ക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

വിപണിയില്‍ മാസ്‌ക്, കൈയുറ, സാനിറ്റൈസര്‍ എന്നിവയുടെ ലഭ്യത സംബന്ധിച്ച വിശദാംശങ്ങളും അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയ്ക്കുമുമ്പ് റിപ്പോര്‍ട്ട് നല്‍കണം. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ പൂഴ്ത്തിവച്ചിട്ടുണ്ടോ എന്ന പരിശോധനയുടെ വിശദാംശങ്ങളും അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Related post